ഗോകുലത്തിന് തോൽവി
ശ്രീനഗർ : ഇന്ത്യൻ ഫുട്ബാൾ ലീഗിലെ തരംതാഴ്ത്തൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് കനത്ത തോൽവി. റയൽ കാഷ്മീർ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് ഗോകുലം കേരളയെ കീഴടക്കിയത്. 30-ാം മിനിട്ടിൽ അമിനു ബൗബ രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും ഏറ്റുവാങ്ങി മടങ്ങിയതാണ് ഗോകുലത്തിന് തിരിച്ചടിയായത്. 25-ാം മിനിട്ടിൽ ഗോകുലം താരത്തിന്റെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ കാശ്മീരിനായി 50-ാം മിനിട്ടിൽ ചാൾസും 53-ാം മിനിട്ടിൽ മോസസും സ്കോർ ചെയ്തു.
ഗോകുലം, റയൽ കാശ്മീർ,ഐസ്വാൾ എഫ്.സി,നാംധാരി എഫ്.സി എന്നിവരാണ് റെലഗേഷൻ റൗണ്ടിൽ മത്സരിക്കുന്നത്. ഇതിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ ഇന്ത്യൻ ഫുട്ബാൾ ലീഗിന്റെ അടുത്ത സീസണിലും കളിക്കും.
വനിതകൾക്ക് വിജയം
കോഴിക്കോട് : ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്.സി ടീം മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സെസാ ഗോവയെ കീഴടക്കി. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ റോജ,79-ാം മിനിട്ടിൽ ഒഗ്ബിയാഗ്ബേവ,87-ാം മിനിട്ടിൽ എസ്.ഷിൽജി എന്നിവരാണ് ഗോകുലത്തിന് വേണ്ടി സ്കോർ ചെയ്തത്.
എട്ടുമത്സരങ്ങളിൽ ഗോകുലത്തിന്റെ രണ്ടാം വിജയമാണിത്. എട്ടുടീമുകളടങ്ങുന്ന ലീഗിൽ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. 24 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്ത്.