ഇ- സിഗററ്റ് വലി: പരാഗിന് പിഴ

Friday 01 May 2026 12:03 AM IST

മുള്ളൻപുർ: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസിംഗ് റൂമിൽ വച്ച് ഇ-സിഗരറ്റ് (വേപ്) വലിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്‌ടൻ റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ശിക്ഷ വിധിച്ച് ബി.സി.സി.ഐ. ഒരു ഡീമെരിറ്റ് പോയിന്റും വിധിച്ചു. കടുത്ത താക്കീതും നൽകിയിട്ടുണ്ട്. ഐ.പി.എൽ അച്ചടക്കസമിതി അന്വേഷണത്തിൽ പരാഗ് തെറ്റ് സമ്മതിച്ചതിനെത്തുടർന്നാണ് ശിക്ഷ. ഡ്രസിംഗ് റൂമിലോ ഡഗൗട്ടിലോ പുകയിലയോ അനുബന്ധ വസ്തുക്കളോ ഉപയോഗിക്കരുതെന്ന് ബി.സി.സി.ഐയുടെ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളിലുണ്ട്.

രാജസ്ഥാൻ ഇന്നിംഗ്‌സിലെ 16-ാം ഓവറിനിടെ ബ്രോഡ് കാസ്റ്റ് ക്യാമറ ഡ്രസിംഗ് റൂമിലെ ദൃശ്യങ്ങൾ പകർത്തുമ്പോഴാണ് പരാഗ് ഇ- സിഗരറ്റ് വലിച്ച് പുകയൂതി വിടുന്നത് കണ്ടത്. 16 പന്തിൽ 29 റൺസെടുത്ത് 14-ാം ഓവറിൽ പരാഗ് പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ വിവാദ ദൃശ്യങ്ങൾ പുറത്തു വന്നത്. നേരത്തേ ഡഗൗട്ടിൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ഭിന്ദർക്ക് ഒരു ലക്ഷം രൂപ പിഴയും താക്കീതും നൽകിയിരുന്നു.

പൊലീസ് കേസ് വന്നേക്കും

ഇന്ത്യയിൽ ഇ - സിഗററ്റ് ഉപയോഗിക്കുന്നത് ഒരു വർഷംവരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പരാഗിനെതിരെ പൊലീസ് കേസെടുക്കാൻ സാദ്ധ്യയുണ്ടെന്നാണ് റിപ്പോർട്ടുകൾ.