കുടുംബവഴക്ക്: ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്ന് യുവാവ്  ഭർത്താവ് കസ്റ്റഡിയിൽ

Friday 01 May 2026 12:11 AM IST

ചേർപ്പ്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് ഭർത്താവ്. വെങ്ങിണിശേരി ശങ്കരമംഗലം കോട്ടയത്ത് വീട്ടിൽ ജയന്റെയും ഗീതയുടെയും മകൾ ഉണ്ണിമായയെയാണ് (30) ആനക്കല്ല് കുന്നത്ത് വളപ്പിൽ വീട്ടിൽ ശിവപ്രസാദ് (31) കൊലപ്പെടുത്തിയത്. ശിവപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആനക്കല്ലിൽ സ്വകാര്യ സ്ഥാപനത്തിൽ സ്റ്റാഫായിരുന്ന ഇവർ ഇന്നലെ രാവിലെ എട്ടരയോടെ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മുകളിലെ കിടപ്പുമുറിയിൽ വച്ച് വഴക്കുണ്ടാക്കിയത്. പിന്നാലെ ശിവപ്രസാദ് ഉണ്ണിമായയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അമ്മ സാവിത്രിയോട് ശിവപ്രസാദ് കാര്യങ്ങൾ വെളിപ്പെടുത്തി. സാവിത്രി ഉടൻ മുറയിൽ വന്ന് നോക്കുമ്പോൾ ചലനമറ്റു കിടക്കുന്ന ഉണ്ണിമായയെയാണ് കണ്ടത്. തുടർന്ന് സാവിത്രിയും നാട്ടുകാരും ചേർന്ന് ഉണ്ണിമായയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇതിനിടെ ഒളിവിൽ പോകാൻ ശ്രമിച്ച ശിവപ്രസാദിനെ അയ്യന്തോളിൽ വച്ച് നെടുപുഴ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പ്രവാസിയായിരുന്ന ശിവപ്രസാദ് പ്രണയിച്ചാണ് അഞ്ച് വർഷം മുമ്പ് വിവാഹം കഴിച്ചത്. നാട്ടിലെത്തി സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറായി ജോലി നോക്കുകയാണ്. വിവാഹശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

സംഭവത്തിൽ ഫോറൻസിക് വിദഗ്ദ്ധർ സ്‌ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം നടപടിയ്ക്ക് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് മൂന്നിന് കൊഴുക്കുള്ളി ശ്മശാനത്തിൽ സംസ്കരിക്കും.