ലോഡ് ഷെഡിംഗ് കുറച്ച് കെ.എസ്.ഇ.ബി
Friday 01 May 2026 12:33 AM IST
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്ന് അൺഷെഡ്യൂൾഡ് ആയി ലഭിച്ച 80 മെഗാവാട്ട് വൈദ്യുതിയും സംസ്ഥാനത്തിന് കിട്ടിത്തുടങ്ങി. മഴ പെയ്തതോടെ വൈദ്യുതി ഉപഭോഗം 116.5 ദശലക്ഷം യൂണിറ്റിൽ നിന്ന് 112.68 ദശലക്ഷം യൂണിറ്റായി ബുധനാഴ്ച കുറയുകയും ചെയ്തു.
ഇതോടെ മലബാറിലെ ചില മേഖലകളിലൊഴികെ വൈദ്യുതി നിയന്ത്രണവും ലോഡ് ഷെഡിംഗും വേണ്ടി വന്നില്ല. അതേസമയം, സംസ്ഥാനത്ത് ലോഡ് ഷെഡിംഗും വൈദ്യുതി പ്രതിസന്ധിയുമുണ്ടായത് ഡാം മാനേജ്മെന്റിലെ പാളിച്ച കൊണ്ടാണെന്ന വാദം കെ.എസ്.ഇ.ബി. തള്ളി. ജലവൈദ്യുതി നിലയങ്ങൾ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ജൂലായ് ആറുവരെ നിലവിലെ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലം കരുതലുണ്ട്. അതിനനുസരിച്ചാണ് ഉത്പാദനം നടത്തുന്നതെന്നും വ്യക്തമാക്കി.