മണിയാർ പദ്ധതി: അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Friday 01 May 2026 1:05 AM IST

തിരുവനന്തപുരം: മണിയാർ പദ്ധതി തിരിച്ചെടുക്കാൻ വൈകിയതിനെപ്പറ്റി ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കരാർ കാലാവധി കഴിഞ്ഞിട്ടും 14 മാസം ജലവൈദ്യുത പദ്ധതി കൈവശം വച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുതബോർഡും കൂട്ടുനിന്നു. 2024 ഡിസംബർ 31ന് കരാർ അവസാനിപ്പിച്ച് പദ്ധതിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുതബോർഡിന് കൈമാറേണ്ടതായിരുന്നു. ഇതുമൂലം ബോർഡിന് 56 കോടിയുടെ നഷ്ടമുണ്ടായി. ഇവിടെ ഒരു യൂണിറ്റിന് ഉത്പാദനച്ചെലവ് 40 പൈസയിൽ താഴെയാണ്. ഇതാണ് യൂണിറ്റ് ഒന്നിന് 10 .14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ വിറ്റ് കമ്പനി കൊള്ളലാഭം ഉണ്ടാക്കിയത്. കേരളത്തിന് ആവശ്യമായ വൈദ്യുതി, വൈദ്യുതബോർഡ് വൻ തുകയ്ക്കാണ് പുറത്തുനിന്ന് വാങ്ങിക്കൂട്ടിയത്.