'എനിക്ക് എത്ര വോട്ടെന്ന് പ്രവചിക്കുന്നവർക്ക് ഉഗ്രൻ സമ്മാനം'; എട്ട് നിലയിൽ പൊട്ടുമെന്ന് കമന്റ്, ട്രോൾ പൂരം

Friday 01 May 2026 9:30 AM IST

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ട്രോൾ മഴ. തനിക്ക് ലഭിക്കുന്ന വോട്ട് പ്രവചിക്കുന്നവർക്ക് ഉഗ്രൻ സമ്മാനം നൽകുമെന്ന പോസ്റ്റിന് താഴെയാണ് ട്രോൾ കമന്റുകൾ നിറയുന്നത്. വോട്ടിന്റെ എണ്ണം പറയാൻ പറ്റില്ല, താങ്കൾ എട്ട് നിലയിൽ പൊട്ടുമെന്നാണ് പോസ്റ്റിന് താഴെ ഒരാൾ കമന്റായി പങ്കുവച്ചത്. എട്ടായിരത്തോളം കമന്റുകളാണ് പോസ്റ്റിന് താഴെ മണിക്കൂറുകൾക്കുള്ളിൽ വന്നത്.

'കേരളത്തിലെ അമ്മമാരുടെ വോട്ട് നിനക്ക് അല്ലെ. അമ്മാതിരി തോന്നിവാസം അല്ലെ ഒരു ഉളുപ്പും ഇല്ലാതെ നീ പറഞ്ഞത്. ദൈവം ഉണ്ടെങ്കിൽ നീ എട്ട് നിലയിൽ പൊട്ടും മാരാരെ നീ നോക്കിക്കോ'- എന്നാണ് ഒരാൾ പങ്കുവച്ച കമന്റ്. അടുത്തിടെയായി അഖിൽ മാരാർ പങ്കുവച്ച പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തി കൂടിയാണ് അഖിൽ മാരാർ. ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകൾ ചുവടെ,

'തൃക്കാക്കരയിൽ എത്ര മണ്ടന്മാർ ഉണ്ടെന്ന് മേയ് 4ന് അറിയാനുള്ള ആകാംഷയിലാണ്', 'ഇലക്ഷനിൽ ജയവും തോൽവിയും സ്വാഭാവികമാണ്.. മിസ്റ്റർ അഖിൽ മാരാർ,താങ്കളോട് ഒരു കാര്യം പറയാതെ വയ്യ. തിങ്കളാഴ്ച്ച റിസൾട്ട് വന്നുകഴിയുമ്പോൾ താങ്കൾ തോൽക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്നവരിൽ ഒരാൾ ആയിരിക്കും താങ്കൾ. അതിന് പ്രധാന കാരണം താങ്കളുടെ പാർട്ടിയോ ഉൾപ്പെടുന്ന മുന്നണിയോ ഒന്നും അല്ല..താങ്കളുടെ ആറ്റിറ്റ്യൂഡ് തന്നെ പ്രശ്നം. ഇലക്ഷൻ ക്യാമ്പയിൻ സമയത്ത് പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ജനപ്രതിനിധിയാവാൻ യോഗ്യതയുള്ള പക്വതയുള്ള വ്യക്തി എന്ന നിലയിൽ ആയിരുന്നില്ല താങ്കളുടെ പ്രതികരണങ്ങളും സംസാരവും'- ഇങ്ങനെ പോകുന്നു കമന്റുകൾ.