വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ രണ്ടുപേർക്ക് ദാരുണാന്ത്യം
ആലപ്പുഴ: ദേശീയപാതയിൽ വണ്ടാനത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല സ്വദേശിനി അച്ചു എസ്. ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. അയൽവാസികളും അടുത്ത സുഹൃത്തുക്കളുമാണ് മരിച്ച രണ്ടുപേരും. മാർത്താണ്ഡത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ഐ.ടി.ഐ പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഖിൽ കൃഷ്ണ. മാർത്താണ്ഡത്ത് നിന്നും എത്തിയ അച്ചുവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടി നാട്ടിലേക്ക് മടങ്ങുകയായിരുന്നു അഖിൽ കൃഷ്ണ.
കായംകുളത്ത് നിന്നും ചേർത്തല ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്ക് വണ്ടാനത്ത് ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് തിരിയുന്നതിനിടെ ലോറിയിൽ തട്ടുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അച്ചുവിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.