ഈ മാസം രോഗം ബാധിച്ചത് 49 പേർക്ക്: ശ്രദ്ധിക്കേണ്ടത് കുടിവെള്ളവും ഭക്ഷണവും, ജാഗ്രതാ നിർദ്ദേശം

Friday 01 May 2026 10:44 AM IST

കൊല്ലം: വേനൽച്ചൂടും മഴയും ഇടകലർന്നു നി​ൽക്കുന്നതി​നാൽ ജി​ല്ലയി​ൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടരുന്നു. ഈ മാസം 49 പേർക്കാണ് മഞ്ഞപ്പിത്തം പി​ട‌ിപെട്ടത്. കോറ്റങ്കര ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽ രോഗഭീതി ശക്തമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

​ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. പൊതുസ്ഥലങ്ങളിൽ വിൽക്കുന്ന ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസിന്റെ കാര്യത്തി​ൽ ജാഗ്രത പാലിക്കണം. വ്യാവസായിക ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ഐസ് ബ്ലോക്കുകൾ പാനീയങ്ങളിൽ ഉപയോഗിക്കരുത്.

പകരം ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ചുള്ള ക്യൂബ് ഐസുകൾ മാത്രമേ ഉപയോഗിക്കാവൂ. ​മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കുന്നത് മരണത്തി​നു വരെ കാരണമായേക്കാം. ​പനി മാറാനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളികകൾ കഴിക്കരുത്. ഇത് കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും. ​സർക്കാർ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളെ ആശ്രയി​ക്കരുത്.

​രോഗലക്ഷണങ്ങൾ ​ശരീരവേദനയോടു കൂടിയ പനി, തലവേദന, അമിതമായ ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് കണ്ണിലും മൂത്രത്തിലും മഞ്ഞനിറം പ്രകടമാകും. രക്തപരിശോധനയിലൂടെ മാത്രമേ രോഗം ഉറപ്പിക്കാനാവൂ. സാധാരണയായി രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോടെയാണ് രോഗം പുറത്തുവരുന്നത്.

​ ശുചിത്വം: വ്യക്തി-പരിസര ശുചിത്വം പാലിക്കുക, കൈകൾ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക

 ​ശുദ്ധജലം: തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കിണർ വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക

​ ഭക്ഷണം: ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു വയ്ക്കുക, ഈച്ച ശല്യം തടയുക

​മാലിന്യ നിർമ്മാർജ്ജനം: ചപ്പുചവറുകൾ കുന്നുകൂടാൻ അനുവദിക്കരുത്. തൊഴുത്തുകൾ വീടിന്റെ പരിസരത്ത് നിന്ന് നിശ്ചിത അകലത്തിൽ സൂക്ഷിക്കുക.

​തുടക്കത്തിലേ ചികിത്സ ആരംഭിച്ചാൽ രോഗം പടരുന്നത് തടയാം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം- ആരോഗ്യ വകുപ്പ് അധികൃതർ