സംസ്ഥാനത്ത് വീണ്ടും പാമ്പ് കടി മരണം; കൊല്ലത്ത് മരിച്ചത് ചികിത്സയിലായിരുന്ന വയോധികൻ
കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കൊല്ലം മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (62) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് രാജേന്ദ്രനെ പാമ്പ് കടിച്ചത്. അരുനല്ലൂരിലെ മകളുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിഞ്ഞ് വീടിന് പുറത്തിറങ്ങിയ രാജേന്ദ്രൻ, ചായ‌്പ്പിന് സമീപം വീണുകിടന്ന പുതപ്പ് എടുത്തപ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്.
കാഴ്ച വൈകല്യമുള്ള രാജേന്ദ്രൻ പുതപ്പിനടിയിൽ പാമ്പ് ഇരിക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. അണലിയാണ് കടിച്ചത്. വീട്ടുകാർ ഉടൻ തന്നെ പാമ്പിനെ തല്ലിക്കൊല്ലുകയും രാജേന്ദ്രനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടർന്ന് പിന്നീട് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.