അടങ്ങാതെ ആനക്കലി: വിരണ്ടോടിയ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

Friday 01 May 2026 11:57 AM IST

കൊച്ചി: എറണാകുളം അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് മരിച്ചത്. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആന ചവിട്ടി വീഴ്ത്തിയത്. വിഷ്ണു സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ രണ്ടാം പാപ്പാൻ പ്രദീപിനെ അങ്കമാലി ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് പരിക്കേറ്റ ഇയാൾ ഐസിയുവിലാണ്. കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. സമീപത്തെ സുബ്രഹ്മണ്യക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ കുളിപ്പിച്ചതിനുശേഷം കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴാനായി എത്തിച്ചപ്പോഴാണ് വിരണ്ടോടിയത്.

'മയ്യനാട് പാർത്ഥസാരഥി' എന്ന ആനയാണ് ഇടഞ്ഞത്. ഇടയുന്നതിന് മുൻപ് തന്നെ ആന അസ്വാഭാവിക ലക്ഷണങ്ങൾ കാണിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ആന വിരണ്ടതോടെ ക്ഷേത്രപരിസരത്തുണ്ടായിരുന്ന ഭക്തരും നാട്ടുകാരും പ്രാണരക്ഷാർത്ഥം ഓടി മാറി. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും ആന തകർത്തു.

വിരണ്ടോടി രണ്ടര മണിക്കൂറിനു ശേഷം ആർആർടി സംഘം ആനയെ മയക്കുവെടി വച്ചു. ആനയുടെ പിൻകാലിലാണ് വെടികൊണ്ടത്. ശാന്തനായ ആനയെ നാല് മണിക്കൂറിന് ശേഷമാണ് തളച്ചത്.