വെഞ്ഞാറമൂട് വെള്ളാണിക്കൽ പാറയിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് വെള്ളാണിക്കൽ പാറയ്ക്കുസമീപം യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷെഫിൻ (35), അശ്വതി (32) എന്നിവരാണ് മരിച്ചത്. കൈകൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
പൊതുവെ വിനോദസഞ്ചാരികൾ എത്താറുള്ള വെള്ളാണിക്കൽ പാറയുടെ താഴ്‌വാരത്തെ റബ്ബർ തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. പ്രദേശം സന്ദർശിക്കാനെത്തിയവരാണ് മരത്തിൽ രണ്ടുപേർ തൂങ്ങിനിൽക്കുന്നത് കണ്ട് പൊലീസിനെ വിവരമറിയിച്ചത്. പോത്തൻകോട് സ്റ്റേഷൻ പരിധിയിലെ നേതാജിപുരം വാർഡിലാണ് സംഭവം.
മരിച്ച രണ്ടുപേരെയും കാണാനില്ലെന്ന് പറഞ്ഞ് ആര്യനാട് പൊലീസ് സ്റ്റേഷനിൽ നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.