പഴയകുന്നുമ്മൽ പഞ്ചായത്തിൽ പാമ്പുകൾക്ക് വാഴാൻ പത്ത് ലക്ഷത്തിന്റെ പാർക്ക്
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തായി പത്ത് വർഷം മുമ്പ് 10 ലക്ഷം രൂപ ചെലവാക്കി പണികഴിപ്പിച്ച ചിൽഡ്രൻസ് പാർക്കിപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ്. ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാർക്കിലെ കളിക്കോപ്പുകളെല്ലാം തുരുമ്പെടുത്ത് നശിച്ചു. വേനലവധിക്കാലത്ത് കുട്ടികൾക്ക് ഉല്ലസിക്കാൻ കിളിമാനൂരിൽ ഒരു നല്ല പാർക്ക് വേണമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥകാരണം ആർക്കും ഉപയോഗിക്കാൻ കഴിയാതെ പാർക്ക് നശിക്കുന്നത്. നിലവിൽ പഞ്ചായത്തിൽ കുട്ടികളുടെ പാർക്കോ, മൈതാനമോ ഒന്നും ഇല്ല.
ആശ്രയം മറ്റ് സ്ഥലങ്ങൾ
കേരളോത്സവം പോലുള്ള കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, സമീപത്തെ സ്വകാര്യ സ്കൂൾ ഗ്രൗണ്ട് എന്നിവയെ ആശ്രയിക്കണം. പഞ്ചായത്തിന് ഒരു കളിസ്ഥലം പദ്ധതി പ്രകാരമുള്ള പ്രവർത്തനവും ഇതുവരെയും ആരംഭിച്ചിട്ടില്ല. നിലവിലെ പാർക്ക് നവീകരിക്കുകയോ, പുതിയത് പണി കഴിപ്പിപ്പിക്കുകയോ ചെയ്തെങ്കിൽ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും കുടുംബവുമായി ഉല്ലാസത്തിന് വിദൂര സ്ഥലങ്ങളിൽ പോകുന്നവർക്ക് ഇത് ഒരു ആശ്വാസമായേനെ.