ഏഴരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Sunday 03 May 2026 1:19 AM IST

വെള്ളറട: കാറിൽ കടത്തിയ ഏഴരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.ഇന്നലെ രാവിലെ വെള്ളറടയ്ക്ക് സമീപം തമിഴ്നാട് ചെക്ക്പോസ്റ്റ് കഴിഞ്ഞ് ആറാട്ടുകുഴിയിൽ വച്ച് തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമാണ് കഞ്ചാവ് പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ മുതൽ വാഹനം പരിശോധന ആരംഭിച്ചിരുന്നു.ഇതിനിടയിൽ പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച കാറിനെ,​ രണ്ട് ടിപ്പർ ലോറികൾ കൊണ്ടിടിച്ചാണ് പൊലീസ് പിടികൂടിയത്.കാറിലെ സീറ്റിനടിയിൽ കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സംഭവത്തിൽ കുറ്റിച്ചൽ മണ്ണൂർക്കര അരികിൽ എം.വി ഹൗസിൽ പ്രശാന്താണ് (38) പിടിയിലായത്. ഇയാൾ നേരത്തേയും കഞ്ചാവ് കടത്തിയിരുന്നതായും,​സിനിമ സീരിയൽ മേഖലയിലേക്കാണ് കഞ്ചാവ് കൊണ്ടുപോകുന്നതെന്നും പൊലീസ് പറഞ്ഞു.ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വെള്ളറട പൊലീസ് കേസെടുത്തു.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.