നഗരസഭയിൽ മഴക്കാല മുന്നൊരുക്കങ്ങൾക്ക് തുടക്കം, വിദ്യാലയ ശുചീകരണം ജൂൺ 1ന് മുമ്പ്
ചാലക്കുടി: നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ തോടുകൾ യന്ത്രസഹായത്തോടെ വൃത്തിയാക്കലാണ് ആദ്യഘട്ട പ്രവർത്തനം. ഇതിൽ കുട്ടാംടം പാടശേഖരം തോട് ശുചീകരിക്കലിന് തുടക്കമായി. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ശുചീകരണം. ഹിറ്റാച്ചി ഉപയോഗിച്ച് കുറ്റിക്കാടുകളും പുല്ലും ചെത്തിമാറ്റും. ഉണങ്ങിക്കിടക്കുന്ന ചവറുകൾ കത്തിച്ചും കളയും. നഗരസഭയുടെ വിവിധ പ്രദേശങ്ങളിലെ മഴക്കാല മുന്നൊരുക്കങ്ങൾക്ക് 20 ലക്ഷം രൂപയുടെ കരാർ നൽകിയിട്ടുണ്ട്. പറയൻതോട്, അട്ടാതോട്, ആര്യങ്കാല തോട്, കെ.എസ്.ആർ.ടി.സി തോട്, കോരൻചിറ തോട്, പോട്ടചിറ തോട്, പള്ളി പാടംതോട്, പുഞ്ചപാടംതോട്, 24 ഉന്നതി തോട്, കാളൻചിറ തോട്, പുത്തുപാടംതോട്, പാലിയംപാടംതോട്, റെയിൽവേ ലൈൻ തോട്, ഇടുക്കൂട് തോട് എന്നിവയും വെള്ളക്കെട്ട് ഭീഷണി നേരിടുന്ന പ്രധാനകാനകളും ശുചീകരിക്കും. കുട്ടാടംപാടത്തെ തോട്ടിൽ നടന്ന ശുചീകരണ പ്രവൃത്തി നഗരസഭ ചെയർപേഴ്‌സൺ ആലീസ് ഷിബുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വിലയിരുത്തി. വൈസ് ചെയർപേഴ്‌സൻ കെ.വി.പോൾ, ആനി പോൾ, ഒ.എസ്. ചന്ദ്രൻ, ഷിഫ സന്തോഷ്, ജിയോ കിഴക്കുംതല, ഷിബു വാലപ്പൻ,സൂസി സുനിൽ, ജോൺ ദേവസ്യ, ലൈഷ അശോകൻ എന്നിവരും സ്ഥലത്തെത്തി.
ശുചീകരണ പ്രവർത്തനങ്ങൾ നിരവധി
- ടൗണിലെ പള്ളിത്തോടും കാനകളും വൃത്തിയാക്കൽ ഏപ്രിൽ രണ്ടാംവാരം ആരംഭിച്ചു.
- തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ തോടുകൾ, കാനകൾ, പൊതു സ്ഥലങ്ങൾ വൃത്തിയാക്കൽ നടന്നുവരുന്നു.
- മുഴുവൻ വീടുകളിലും കിണറുകൾ ക്ലോറിനേഷൻ നടത്തും. ഇതിനുള്ള ബ്ലീച്ചിംഗ് പൗഡർ വിതരണം ആരംഭിച്ചു.
- ആശാ വർക്കർമാർ വീടുകൾ സന്ദർശിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്ന നിദ്ദേശങ്ങൾ നൽകും.
- ജൂൺ 1ന് മുമ്പ് വിദ്യാലയങ്ങൾ ശുചീകരിച്ച് കിണറുകൾ ക്ലോറിനേഷൻ നടത്തും.