കഞ്ഞിക്കുഴി ടീം ഇടുക്കിയിൽ, കൃഷിയിടം കാണാൻ മന്ത്രിയും
മുഹമ്മ: കഞ്ഞിക്കുഴിയിലെ കർഷകർക്കൊപ്പം, ഇടുക്കി ജില്ലയിലെ കുളമാവിലും വാഴതോപ്പ് പഞ്ചായത്തിലും കാർഷിക സന്ദർശനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയിൽ മന്ത്രി പി.പ്രസാദും പങ്കാളിയായതോടെ വേറിട്ട അനുഭവമായി. കഞ്ഞിക്കുഴി കൃഷിഭവനും ഗ്രാമപഞ്ചായത്തും ചേർന്നാണ് പതിനാറാം വാർഡിലെ കഞ്ഞിക്കുഴി എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിലെ കർഷകർക്കായി പഠന യാത്ര സംഘടിപ്പിച്ചത്.
ഇടുക്കിയുടെ സുഗന്ധ വിളകൾ കൃഷി ചെയ്യുന്ന മാതൃകാകൃഷിത്തോട്ടം സംഘം സന്ദർശിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ കൂനം മാവ് അഗസ്റ്റിനും കുടുംബവും നടത്തുന്ന പഴവർഗ്ഗങ്ങളുടേയും സുഗന്ധ വൃഞ്ജനങ്ങളുടെയും കൃഷിയിടത്തിൽ ഏറെ സമയം ചെലവഴിച്ചു.
കുളമാവിൽ പ്രവർത്തിക്കുന്ന കപ്പൂച്ചിൻ ആശ്രമത്തിലെ വൈദികൻ ഫാദർ ഡോ.ജിജോ കുര്യന്റെ നേതൃത്വത്തിലുള്ള ഗൈഡഡ് ടൂർ സംഘവും പഠനയാത്രയിൽ പങ്കാളിയായി..
കഞ്ഞിക്കുഴിൽ കുരുമുളക് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മന്ത്രി അവതരിപ്പിച്ചത് കർഷകർക്ക് ആത്മവിശ്വാസം പകർന്നു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, കർമ്മസേന സെക്രട്ടറി ജി. ഉദയപ്പൻ, ക്ലസ്റ്റർ പ്രസിഡന്റ് എം.ഡി. സുധാകരൻ, കൃഷി ഓഫീസർ രോസ്‌മി ജോർജ് എന്നിവർ പഞ്ചായത്തംഗങ്ങൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവരും യാത്രയിൽ പങ്കാളാകളായി.