ഫോൺവിളി വിവാദം:എസ്.പി സുജിത് ദാസിന് ക്ലീൻചിറ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തി, പി.വി. അൻവറുമായുള്ള ഫോൺവിളി വിവാദത്തിൽ എസ്.പി സുജിത് ദാസിന് ക്ലീൻചിറ്റ്. ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിലാണിത്. തന്റെ ശബ്ദമല്ലെന്നും വ്യാജ നിർമ്മിതിയാണെന്നുമാണ് സമിതിക്ക് സുജിത് ദാസ് മൊഴി നൽകിയത്. ഫോൺ സംഭാഷണം പുറത്തുവിട്ട അൻവർ സമിതിക്ക് മുന്നിൽ ഹാജരായില്ല. സംഭാഷണം റെക്കാർഡ് ചെയ്ത ഫോണും ഹാജരാക്കിയില്ല. അതേസമയം, ഹാജരാകാൻ തനിക്ക് നോട്ടീസ് നൽകിയിരുന്നില്ലെന്ന് അൻവർ പ്രതികരിച്ചു.
മലപ്പുറം എസ്.പിയായിരിക്കെ, എസ്.പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തുകയും ഫർണിച്ചറുണ്ടാക്കി പുറത്ത് നൽകുകയും ചെയ്തതിന് സുജിത്തിനെതിരേ ഡി.ഐ.ജി അജിതാബീഗത്തിന്റെ അന്വേഷണമുണ്ടായിരുന്നു. മരംമുറിയെക്കുറിച്ച് പി.വി.അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ അൻവറിന് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നത് സേനയ്ക്ക് നാണക്കേടായിരുന്നു. ഇതിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറടക്കം പൊലീസുദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് സുജിത്തിനെ സസ്പെൻഡ് ചെയ്തത്. ആറുമാസം കഴിഞ്ഞപ്പോൾ തിരിച്ചെടുത്തിരുന്നു.