ഡൽഹിയിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ഒമ്പത് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് ഉടനെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 14 ഓളം അഗ്നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും തീ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് പടർന്നിരുന്നു.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഇരുപതിലധികം പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആറ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ കെട്ടിടത്തിലെ എയർ കണ്ടീഷണർ (എസി) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.