അനധികൃത മണ്ണെടുപ്പ് പൊലീസിനെ അറിയിച്ചതിന്റെ പ്രതികാരം; വെഞ്ഞാറമൂടിൽ ഫാം ഹൗസ് ഉടമയ്ക്കുനേരെ വധശ്രമം
വെഞ്ഞാറമൂട്: അനധികൃത മണ്ണെടുപ്പിനെക്കുറിച്ച് പൊലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ വെഞ്ഞാറമൂട് മുരൂർകോണത്ത് വ്യാപക അക്രമം. വിവരമറിയിച്ച ഫാം ഹൗസ് ഉടമയെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച സംഘം ജെ.സി.ബിയുമായെത്തി വീടും വാഹനങ്ങളും തകർക്കുകയും ചെയ്‌തു.
സംഭവത്തിൽ ഫാം ഹൗസ് മുരൂർകോണം സ്വദേശി ബിജു (50),ലാൽ എന്നിവർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് മൂന്നോടെ ബിജുവിന്റെ ഫാം ഹൗസിലായിരുന്നു ആദ്യത്തെ ആക്രമണം. കണ്ടാലറിയാവുന്ന നാലുപേരാണ് സംഭവത്തിന് പിന്നിലെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
അനധികൃതമായി മണ്ണടിക്കുന്നത് ബിജു പൊലീസിനെ അറിയിച്ചതിൽ പ്രതികൾക്ക് കടുത്ത വിരോധമുണ്ടായിരുന്നു. ഫാം ഹൗസിൽ അതിക്രമിച്ചു കയറിയ സംഘം ബിജുവിനെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേല്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബിജുവിന്റെ ഉടമസ്ഥതയിലുള്ള മുരൂർകോണത്തെ മീൻ വളർത്തൽ കേന്ദ്രത്തിന് നേരെയാണ് രാത്രിയിൽ രണ്ടാമത്തെ ആക്രമണമുണ്ടായത്. ജെ.സി.ബിയുമായെത്തിയ സംഘം മീൻ വളർത്തൽ കേന്ദ്രവും സമീപത്തെ ഔട്ട് ഹൗസും മതിൽക്കെട്ടും നശിപ്പിച്ചു. ഇതിന് പുറമെ സ്ഥലത്ത് പാർക്ക് ചെയ്‌തിരുന്ന കാറും രണ്ട് സ്കൂട്ടറുകളും അക്രമിസംഘം അടിച്ചുതകർത്തു. പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
ദീർഘകാലമായുള്ള വ്യക്തിവൈരാഗ്യവും മണ്ണെടുപ്പിനെച്ചൊല്ലിയുള്ള തർക്കവുമാണ് പെട്ടെന്നുള്ള അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒളിവിൽ പോയ പ്രതികൾക്കായി വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ഊർജിതമാക്കി.