അവസാന ഓവറില്‍ പഞ്ചാബിനെ വീഴ്ത്തി ഗുജറാത്ത്; ജയം നാല് വിക്കറ്റിന്

Sunday 03 May 2026 11:43 PM IST

അഹമ്മദാബാദ്: പഞ്ചാബ് കിംഗ്‌സിനെ അവസാന ഓവറില്‍ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. 164 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെയാണ് ടൈറ്റന്‍സ് മറികടന്നത്. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. മത്സരം കൈവിട്ടെങ്കിലും പോയിന്റ് പട്ടികയില്‍ ഇപ്പോഴും കിംഗ്‌സ് തന്നെയാണ് ഒന്നാമതുള്ളത്. 12 പോയിന്റുള്ള ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്. രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കെല്ലാം 12 പോയിന്റാണ് ഉള്ളത്.

164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സായ് സുദര്‍ശന്‍ 57(41) ആണ് ടോപ് സ്‌കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ 40*(23) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 5(4), ജോസ് ബട്‌ലര്‍ 26(22), നിഷാന്ത് സന്ധു 15(11), രാഹുല്‍ തെവാത്തിയ 2(6), ജേസണ്‍ ഹോള്‍ഡര്‍ 5(7) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. അര്‍ഷദ് ഖാന്‍ 8*(5) റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

പഞ്ചാബ് കിംഗ്‌സിന് വേണ്ടി അര്‍ഷ്ദീപ് സിംഗ്, വിജയകുമാര്‍ വൈശാഖ്, എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മാര്‍ക്കോ യാന്‍സന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 2(2), പ്രഭ്സിംറാന്‍ സിംഗ് 15(14) കൂപ്പര്‍ കണോലി 0(1) എന്നിവര്‍ വന്നപോലെ മടങ്ങി.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 19(21), നേഹാല്‍ വധേര 0(6) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ പഞ്ചാബ് 47ന് അഞ്ച് എന്ന സ്‌കോറിലെത്തി. ആറാം വിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യാന്‍ഷ് ഷെഡ്ഗെ 57(29), മാര്‍ക്കസ് സ്റ്റോയിനിസ് 40(31) എന്നിവരുടെ പ്രകടനങ്ങളാണ് ടീം സ്‌കോര്‍ 100 കടത്തിയത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 44 പന്തുകളില്‍ നിന്ന് 79 റണ്‍സ് പിറന്നു.

മാര്‍ക്കോ യാന്‍സന്‍ 20(11) റണ്‍സ് നേടിയതോടെ ടീം സ്‌കോര്‍ 150 കടന്നു. സേവ്യര്‍ ബാര്‍ട്ലെറ്റ് പൂജ്യത്തിന് പുറത്തായപ്പോള്‍ വിജയകുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ റണ്‍ വീതമെടുത്ത് പുറത്താകാതെ നിന്നു. ടൈറ്റന്‍സിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിനും കഗിസോ റബാഡയ്ക്കും രണ്ട് വിക്കറ്റുകള്‍ വീതവും റാഷിദ് ഖാന് ഒരു വിക്കറ്റും ലഭിച്ചു.