ആശങ്ക പടർത്തി യാത്രക്കാരൻ, ലാൻഡിംഗിന് പിന്നാലെ വിമാനത്തിൽ നിന്ന് ചാടി

Monday 04 May 2026 12:31 AM IST

ചെന്നൈ: ഒന്നും നോക്കിയില്ല,​ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി എക്സിറ്റ് തുറന്ന് ഒറ്റ ചാട്ടം. ചെന്നൈ വിമാനത്താവളത്തിലാണ് യാത്രക്കാരൻ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചത്. പുതുക്കോട്ട സ്വദേശി 29കാരനായ മുഹമ്മദ് ഷെരീഫിനെ

പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചാടുകയായിരുന്നെന്നാണ് വിവരം.

അപ്രതീക്ഷിതമായ സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രധാന റൺവേ കുറച്ചുനേരം അടച്ചിട്ടു. ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സ് ഉൾപ്പെടെ ഒന്നിലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അഞ്ച് വിമാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടുവെന്നാണ് റിപ്പോർട്ട്.

ഇന്നലെ പുലർച്ചെ 3.23ന് ഷാർജയിൽനിന്നുള്ള എയർ അറേബ്യ ജി 9471 വിമാനം ലാൻഡ് ചെയ്തു. ടാക്സി വേയിലൂടെ പോകുന്നതിനിടെ

എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ ചാടി. ഉടനെ പൈലറ്റ് വിവരം അധികൃതരെ അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർ പാഞ്ഞെത്തി യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.