വീണ്ടും കപ്പൽക്കൊള്ള: യെമൻ തീരത്തു നിന്നും എണ്ണക്കപ്പൽ തട്ടിയെടുത്തു

Monday 04 May 2026 2:00 AM IST

സന:യെമൻ തീരത്തുനിന്ന് സോമാലിയൻ കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ തട്ടിയെടുത്തു.കഴിഞ്ഞദിവസം ഷബ്വ പ്രവിശ്യക്ക് സമീപം ഏദൻ ഗൾഫിൽ വച്ചാണ് ‘എംടി യൂറീക്ക’ എന്ന ടാങ്കർ കപ്പൽ സായുധ സംഘം പിടിച്ചെടുത്തത്.കപ്പൽ സോമാലിയയെ ലക്ഷ്യംവെച്ച് നീങ്ങുകയാണെന്നും യെമന്റെ കോസ്റ്റ്ഗാർഡ് അറിയിച്ചു.കപ്പൽക്കൊള്ള സോമാലിയൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഖന തുറമുഖത്തിന് സമീപം ഏഡൻ ഉൾക്കടലിൽവെച്ചാണ് കടൽക്കൊള്ളക്കാർ കപ്പലിന്റെ നിയന്ത്രണം തട്ടിയെടുത്തതെന്നാണ് വിവരം.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി കപ്പൽ തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ജീവനക്കാരുടെ എണ്ണമോ ദേശീയതയോ പുറത്തുവിട്ടിട്ടില്ല. ടോഗോയുടെ പതാകയുള്ള കപ്പലാണ് യൂറീക്ക. മാർച്ചിൽ യുഎഇയിലെ ഫുജൈറ തുറമുഖത്താണ് ഈ കപ്പൽ അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന മറൈൻ ട്രാഫിക് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

2011ൽ സൊമാലിയൻ തീരങ്ങളിൽ കടൽക്കൊള്ള രൂക്ഷമായിരുന്നുവെങ്കിലും രാജ്യാന്തര നാവികസേനകളുടെ ഇടപെടലിലൂടെ ഇത് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ സമീപ ആഴ്ചകളിൽ ഇത്തരം ആക്രമണങ്ങൾ വീണ്ടും വർധിക്കുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. ഈ പ്രദേശത്തുവെച്ച് പത്തുദിവസത്തിനിടെ കടൽക്കൊള്ളക്കാർ തട്ടിയെടുക്കുന്ന രണ്ടാമത്തെ എണ്ണക്കപ്പലാണിത്. ഓണർ 25 എന്ന എണ്ണക്കപ്പൽ ഏപ്രിൽ 22-ാം തീയതി കടൽക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. മൊഗാദിഷുവിലേക്ക് 18,500 ബാരൽ എണ്ണയുമായി പോവുകയായിരുന്നു ഓണർ 25.