കടപുഴകി ചുവപ്പുകോട്ട
വൈക്കം : യു.ഡി.എഫ് തരംഗത്തിൽ ചുവപ്പ് കോട്ടയായ വൈക്കം കടപുഴകിയത് എൽ.ഡി.എഫിനും, പ്രത്യേകിച്ച് സി.പി.ഐയ്ക്കും കടുത്ത ആഘാതമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.കെ.ആശ നേടിയ 29122 വോട്ടിന് ജയിച്ചിടത്താണ് 1360 വോട്ട് നേടി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബിനിമോൻ അട്ടിമറി വിജയം നേടിയത്. 1957 ൽ കോൺഗ്രസിലെ കെ.ആർ.നാരായണന് ശേഷം എല്ലാ കാലത്തും സി.പി.ഐയ്ക്കൊപ്പം നിന്ന മണ്ഡലമാണ് വൈക്കം. പിന്നീട് രണ്ട് തവണ മാത്രമാണ് വൈക്കത്തുനിന്ന് കോൺഗ്രസ് വിജയിച്ചിട്ടുള്ളത്. 1960 ൽ സി.പി.ഐയിലെ പി.എസ്.ശ്രീനിവാസൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐയിലെ പിളർപ്പിന് ശേഷം സി.പി.ഐയെ പ്രതിനിധീകരിച്ച് പി.എസ്.ശ്രീനിവാസനും അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് കൂടിയായിരുന്ന സി.പി.എമ്മിലെ കെ.വിശ്വനാഥനും നേർക്കുനേർ മത്സരിച്ചപ്പോൾ കോൺഗ്രസിലെ അഡ്വ.പി.പരമേശ്വരൻ വിജയിച്ചു. പക്ഷേ അന്ന് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ സർക്കാർ രൂപീകരിക്കപ്പെട്ടില്ല. പിന്നീട് 1967 ലും 70 ലും സി.പി.ഐയിലെ പി.എസ് ശ്രീനിവാസനും 1977ലും 1980 ലും 1982 ലും സി.പി.ഐയിലെ എം.കെകേശവനും 87ൽ സി.പി.ഐയിലെ തന്നെ പി.കെ.രാഘവനും വിജയിച്ചു. 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ കോൺഗ്രസ് ഒരിക്കൽക്കൂടി വൈക്കത്ത് വിജയം കണ്ടു. കെ.കെ.ബാലകൃഷ്ണനാണ് അന്ന് വിജയിച്ചത്. 96ൽ എം.കെകേശവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എം.കെ.കേശവന്റെ മരണത്തെ തുടർന്ന് 1998 ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 2001ലും സി.പി.ഐയിലെ പി.നാരായണൻ വിജയിച്ചു. 2006 ലും 2011 ലും എം.കെകേശവന്റെ മകൻ കൂടിയായ കെ.അജിത്ത് സി.പി.ഐ സ്ഥാനാർത്ഥിയായി വിജയിച്ചു. 2016 ലും 2021 ലും സി.പി.ഐയിലെ സി.കെ.ആശയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി കോൺഗ്രസിലെ കെ.ബിനിമോനുമായി സി.പി.ഐയിലെ പി.പ്രദീപ് ഏറ്റുമുട്ടിയപ്പോൾ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച്, സി.പി.ഐ.വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ എം.എൽ.എ കെ.അജിത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായി രംഗത്തുണ്ടായിരുന്നു.