അപ്രതീക്ഷിത തോൽവിയിൽ ഞെട്ടി മന്ത്രിയും, ചീഫ് വിപ്പും

Tuesday 05 May 2026 1:24 AM IST

കോട്ടയം : മന്ത്രി വി.എൻ.വാസവനും, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജും നേരിട്ടത് അപ്രതീക്ഷിത തോൽവി. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലം നന്നായി നോക്കിയെങ്കിലും തുടക്കത്തിലേ വാസവൻ പതറി. ഡോ.എൻ.ജയരാജ് തോൽക്കുമെന്ന് സ്വപ്നത്തിൽ പോലും ഇടതുമുന്നണി കരുതിയിരുന്നുമില്ല. സഹകരണ മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച വാസവന് പക്ഷേ, ജനങ്ങളുടെ അംഗീകാരം നേടാൻ കഴിഞ്ഞില്ല. പോസ്റ്റൽ ബാലറ്റിലും ആദ്യ റൗണ്ടിന്റെ ഒരു സമയത്തും മാത്രമാണ് മുന്നിട്ട് നിന്നത്. പിന്നീട് തകർച്ചയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ മിന്നും വിജയം മണ്ഡലത്തിൽ നേടാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ഏറ്റുമാനൂരിൽ യു.ഡി.എഫിന്. കാഞ്ഞിരപ്പള്ളിയിൽ നാലായിരം വോട്ടിന് വിജയിക്കുമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷയെങ്കിലും ഡോ.എൻ.ജയരാജിന്റെ പഞ്ചായത്തായ കറുകച്ചാലിൽ അടക്കം പിന്നിൽപ്പോയി. പരമ്പരാഗതമായി തുണച്ചിരുന്ന ന്യൂനപക്ഷ, നായർ സമുദായ വോട്ടുകളും ഇക്കുറി ലഭിച്ചില്ല. അവസാന റൗണ്ടിൽ മൂന്നാം സ്ഥാനത്തേയ്ക്കും അദ്ദേഹം പോയി. അതേസമയം മണ്ഡലത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാത്തത് ബി.ജെ.പിയ്ക്കും ക്ഷീണമായി. ശരാശരി 30,000 വോട്ടുകളുള്ള മണ്ഡലത്തിൽ 26984 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.