കോട്ടയം: മന്ത്രിയും ചീഫ് വിപ്പുമടക്കം മത്സരിച്ച പന്ത്രണ്ട് സീറ്റിലും കനത്ത പരാജയമേറ്റുവാങ്ങിയ കേരളാ കോൺഗ്രസ് എം ഈ തിരഞ്ഞടുപ്പോടെ കേരള രാഷ്ട്രീയത്തിലെ ദുരന്തമായി മാറി. 2021ൽ മത്സരിച്ച 12 സീറ്റിൽ അഞ്ചിടത്തും പാർട്ടിയ്ക്ക് ജയിക്കാനായിരുന്നു.

അരനൂറ്റാണ്ടിലേറെക്കാലം പിതാവ് മാണി ജയിച്ച പാലായിൽ പാർട്ടി ചെയർമാൻകൂടിയായ മകൻ ജോസ് തുടർച്ചയായ രണ്ടാം തവണയാണ് തോൽക്കുന്നത്

അതേസമയം 8 സീറ്റിൽ മത്സരിച്ച് ഏഴിടത്തും ജയിച്ച ജോസഫ് വിഭാഗത്തിന്റെ വൻ വിജയത്തിനു മുന്നിൽ സമ്പൂർണ പരാജയമായി നിൽക്കുന്ന ചെയർമാൻ ജോസ് കെ മാണിയുടെയും കേരള കോൺ​ഗ്രസ് എമ്മിന്റെയും രാഷ്ടീയ ഭാവി ഇനി എന്താകുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്. ഒരു എം.പിയും ഏഴ് എം.എൽഎമാരുമുള്ള ജോസഫ് വിഭാഗം യഥാർത്ഥ കേരളാ കോൺഗ്രസ് തങ്ങളാണെന്ന് അവകാശപ്പെടുമ്പോൾ നിശബ്ദരാകാനേ മാണി വിഭാഗത്തിനു കഴിയൂ.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാണി വിഭാഗത്തെ യു.ഡി.എഫിൽ എത്തിക്കാൻ ഉന്നത കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. എന്നാൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എൽ.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന് പിണറായി വിജയന് വാക്ക് കൊടുത്തതോടെ പാർട്ടിയിൽ വീണ്ടും ഒരു പിളർപ്പൊഴിവാക്കാൻ അവസാന നിമിഷം യു.ഡി.എഫ് പ്രവേശനം ജോസ് മനസില്ലാ മനസോടെ ഉപേക്ഷിക്കുകയായിരുന്നു.

പാലായിലെ ജയസാദ്ധ്യതയിൽ ജോസിന് വിശ്വാസക്കുറവായിരുന്നു. എന്നാൽ ജോസ് പാലായിൽ തന്നെ മത്സരിക്കുമെന്ന് വാർത്താ സമ്മേളനത്തിനിടയിൽ ജോസിന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി പ്രഖ്യാപിച്ച് പാലായിൽ മത്സരത്തിന്ഇറക്കിയത് റോഷി ആയിരുന്നു. ഷോൺ ജോർജ് എൻ.ഡി.എ സ്ഥാനാർത്ഥിയായതോടെ ഷോൺ പിടിച്ച വോട്ടുകൾ കാപ്പനു പകരം ജോസിനാണ് പാരയായത്.

തോൽവി അം​ഗീകരിക്കുന്നു. പാലായിൽ ജയിച്ച മാണി സി കാപ്പനും കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലെ വിജയിച്ചവർക്കും അഭിനന്ദനങ്ങൾ. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നു. ഒരു തരംഗം ഉണ്ടാവുമ്പോൾ ഇതൊക്കെ സംഭവിക്കാം. തോൽവിയെ കുറിച്ച് വിശദമായി പാർട്ടി പരിശോധിക്കും.

ജോസ് കെ മാണി

കേരള കോൺ​ഗ്രസ് എം ചെയർമാൻ

.

.