ഹാട്രിക് വിജയം നേടി വർക്കലയിൽ വി.ജോയി

Tuesday 05 May 2026 12:36 AM IST

വർക്കല: ഹാട്രിക് വിജയത്തോടെ വർക്കലയിൽ തിളങ്ങി വി.ജോയി. കേരളമാകെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിനിടയിൽ മൂന്നാംതവണയും വി.ജോയി മണ്ഡലം നിലനിറുത്തി. ജില്ലാ സെക്രട്ടറിമാരിൽ ഇളവ് നൽകി സി.പി.എം മത്സരിപ്പിച്ചത് വി.ജോയിയെ മാത്രമായിരുന്നു. പാർട്ടി ഏൽപ്പിച്ച വിശ്വാസം തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് വർക്കലയിലെ എൽ.ഡി.എഫ് വിജയം. 2001 വരെ ഇടതുമുന്നണിയുടെ കോട്ടയായിരുന്ന വർക്കല, 2001ൽ വർക്കല കഹാറിലൂടെയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. പിന്നീട് രണ്ടു തവണ കൂടി വർക്കല കഹാർ വർക്കലയിൽ നിന്ന് നിയമസഭാംഗമായി. 2016ൽ വി.ജോയിയെ മത്സരത്തിനിറക്കിയാണ് വർക്കല കഹാറിൽ നിന്ന് എൽ.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചത്. 2021ൽ വി.ജോയി 68,816 വോട്ടുകൾ നേടി മണ്ഡലം നിലനിറുത്തി. ഇത്തവണ വർക്കല കഹാറിനെ തന്നെ സ്ഥാനാർത്ഥിയാക്കി മണ്ഡലം തിരിച്ചുപിടിക്കാനായിരുന്നു യു.ഡി.എഫ് നീക്കം. എന്നാൽ 2050 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് വർക്കല നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് വീണ്ടും ആധിപത്യം ഉറപ്പിച്ചു.

55,365 (40.05%)വോട്ടുകൾ വി.ജോയി നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി വർക്കല കഹാർ 53,315(38.57%) വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സ്മിത സുന്ദരേശൻ 27,400 (19.82%)വോട്ടുകളും നേടി. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ തന്നെ ജോയി മുന്നേറ്റം നടത്തിയിരുന്നു. തുടർന്ന് ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും ലീഡ് നിലനിറുത്തുകയും ക്രമേണ വർദ്ധിപ്പിക്കുകയും ചെയ്‌തോടെ വിജയം ഉറപ്പിച്ചു.വർക്കല കഹാറിന് ഒരിക്കൽപ്പോലും ലീഡിൽ എത്താൻ സാധിച്ചിരുന്നില്ല. ഗ്രാമ,നഗരമേഖലകളിൽ ഒരുപോലെ വോട്ടർമാരുടെ വിശ്വാസം പിടിച്ചുപറ്റാൻ ജോയിക്ക് കഴിഞ്ഞു. വെട്ടൂർ, മടവൂർ , നാവായിക്കുളം പഞ്ചായത്തുകളിൽ യു.ഡി.എഫ് മേൽകൈ നേടിയപ്പോൾ ഇടവ, ഇലകമൺ, പള്ളിക്കൽ, ചെമ്മരുതി പഞ്ചായത്തുകളിലും വർക്കല നഗരസഭയിലും എൽ.ഡി.എഫി നായിരുന്നു മുൻതൂക്കം.644 വോട്ടുകൾ(0.47%) നോട്ടയ്ക്ക് ലഭിച്ചപ്പോൾ 1499 വോട്ടുകളാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ (ബി.എസ്.പി ഉൾപ്പെടെ) നേടിയത്. 2021ൽ 17, 821 വോട്ടുകൾ നേടിയായിരുന്നു വി.ജോയിയുടെ വിജയം. 37.71 ശതമാനമായിരുന്നു യു.ഡി.എഫിന്റേത്. എൻ.ഡി.എയുടെ വോട്ട് ശതമാനം വർദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്. 11,214 വോട്ടുകളാണ് 2021ൽ ലഭിച്ചതെങ്കിൽ സി.പി.എം വിട്ടുവന്ന അഡ്വ.സ്മിത സുന്ദരേശനിലൂടെ 27,400 വോട്ടുകൾ നേടി.ഈ വെല്ലുവിളിയേയും അതിജീവിക്കാൻ ജോയിക്കായി.