അരൂരിനെ വലത്തോട്ട് തിരിച്ച് ഷാനിമോൾ

Monday 04 May 2026 11:23 PM IST

ആലപ്പുഴ: ഇടതിനോട് ചായ്‌വുള്ള അരൂർ വീണ്ടും ഷാനിമോൾ ഉസ്മാൻ വലത്തേക്ക് തിരിച്ചു. സിറ്റിംഗ് എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ദലീമ ജോജോയ്ക്കെതിരെ 9324 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാനിമോൾ ഉസ്മാന്റെ വിജയം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾത്തന്നെ ഷാനിമോൾ വ്യക്തമായ ലീഡ് നിലനിറുത്തിയിരുന്നു. 74469 വോട്ടുകളാണ് ഷാനിമോൾ ഉസ്മാന് ലഭിച്ചത്. ദലീമ ജോജോ 65145 വോട്ടുകളും നേടി.

2021ൽ ദലീമയോട് 7,013 വോട്ടിന് പരാജയപ്പെട്ട ഷാനിമോൾ ഉസ്മാന്റെ വൻമുന്നേറ്റമായിരുന്നു ഇത്തവണത്തേത്. 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ മനു സി. പുളിക്കലുമായുള്ള മത്സരത്തിലും ഷാനിമോൾ ഉസ്മാൻ 2,079 വോട്ടിന് വിജയിച്ചിരുന്നു. സർക്കാർ ഏറെ ആഘോഷിച്ച് ഉദ്ഘാടനം ചെയ്ത പെരുമ്പളം പാലം സ്ഥിതി ചെയ്യുന്ന പെരുമ്പളത്ത് പോലും എൽ.ഡി.എഫിന് ലീഡ് നേടാനായില്ല. പെരുമ്പളം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഷാനിമോൾ ഉസ്മാന് 5461 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു.