മിന്നലായി മുംബയ്
ലക്നൗ സൂപ്പർ ജയന്റ്സിനെ ആറുവിക്കറ്റിന് തോൽപ്പിച്ചു
രോഹിതിന് (84) അർദ്ധസെഞ്ച്വറിയോടെ തിരിച്ചുവരവ്
ലക്നൗ സൂപ്പർ ജയന്റ്സ് 228/5
മുംബയ് ഇന്ത്യൻസ് 229/4
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് മുംബയ് ഇന്ത്യൻസ്. വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ വിക്കറ്റ് 5 നഷ്ടത്തിലാണ് 228 റൺസടിച്ചത്.മറുപടിക്കിറങ്ങിയ ലക്നൗ നാലുവിക്കറ്റ് മാത്രം നഷ്ടത്തിൽ എട്ടുപന്തുകൾ ബാക്കിനിറുത്തിയാണ് വിജയത്തിലെത്തിയത്.
പരിക്കുമാറി കളിക്കാനെത്തിയ രോഹിത് ശർമ്മയും (84) ഇൻഫോം ഓപ്പണർ റയാൻ റിക്കിൾട്ടണും (83) ഓപ്പണിംഗിൽ 65 പന്തുകളിൽ അടിച്ചെടുത്ത 143 റൺസാണ് മുംബയ്യുടെ വിജയത്തിന് അടിത്തറയിട്ടത്. ഇംപാക്ട് പ്ളേയറായി ബാറ്റിംഗിനെത്തിയ രോഹിത് 44 പന്തുകളിൽ ആറുഫോറുകളും ഏഴ് സിക്സുകളും പായിച്ചു. 32 പന്തുകളിൽ ആറു ഫോറുകളും എട്ട് സിക്സുകളുമടക്കമാണ് റിക്കിൾട്ടൺ 83 റൺസടിച്ചത്.ഇരുവർക്കും ശേഷം തിലക് വർമ്മയും (11), സൂര്യകുമാർ യാദവും (12) പുറത്തായെങ്കിലും നമാൻ ധിറും (23 നോട്ടൗട്ട്), വിൽ ജാക്സ് (10 നോട്ടൗട്ട് ) ചേർന്ന് മുംബയ്യെ വിജയത്തിലെത്തിച്ചു.
നേരത്തേ മൂന്നാം ഓവറിൽ ഓപ്പണർ ജോഷ് ഇൻഗിലിസിനെ (13) നഷ്ടമായശേഷം ഓപ്പണർ മിച്ചൽ മാർഷും (44) നിക്കോളാസ് പുരാനും (63) സൃഷ്ടിച്ച 94 റൺസിന്റെ കൂട്ടുകെട്ടാണ് ലക്നൗവിന് ഉറച്ച അടിത്തറയേകിയത്. മാർഷ് 25 പന്തുകളിൽ നാലുഫോറുകളും മൂന്ന് സിക്സുകളും പായിച്ചപ്പോൾ ഫോം വീണ്ടെടുത്ത പുരാൻ വെറും 21 പന്തുകളിൽ ഒരു ഫോറും എട്ട് സിക്സുകളുമടക്കമാണ് 63 റൺസടിച്ചത്. 16 പന്തുകളാണ് പുരാന് അർദ്ധസെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. ഒൻപതാം ഓവറിൽ കോർബിൻ ബോഷ് പുരാനെയും മാർഷിനെയും പുറത്താക്കിയതോടെ ലക്നൗ സ്കോറിംഗിന്റെ വേഗം അൽപ്പം കുറഞ്ഞു. ക്യാപ്ടൻ റിഷഭ് പന്ത് (15), അക്ഷത് രഘുവംശി(11) എന്നിവർ പുറത്തായപ്പോൾ ലക്നൗ 12.1 ഓവറിൽ 160/5 എന്ന നിലയിലായി.
തുടർന്ന് ക്രീസിലൊരുമിച്ച എയ്ഡൻ മാർക്രമും (31 നോട്ടൗട്ട്) ഹിമ്മത്ത് സിംഗും (40 നോട്ടൗട്ട്) ചേർന്നാണ് 228ലെത്തിച്ചത്. ആറാം വിക്കറ്റിൽ പുറത്താകാതെ 68 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. മാർക്രം ഓരോ ഫോറും സിക്സുമടിച്ചപ്പോൾ ഹിമ്മത് രണ്ടുവീതം ഫോറും സിക്സും കണ്ടെത്തി.
രോഹിതിന്റെ പരിക്ക് മാറി, ഹാർദിക്കിന് പരിക്ക്
മുംബയ്യുടെ മുൻ നായകൻ രോഹിത് ശർമ്മ പരിക്ക് മാറി കളിക്കളത്തിൽ തിരിച്ചെത്തിയപ്പോൾ സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യ പരിക്ക് മൂലം ഇന്നലെ കളിക്കാനിറങ്ങിയില്ല. സൂര്യകുമാറാണ് ഇന്നലെ മുംബയ്യെ നയിച്ചത്. ഇംപാക്ട് പ്ളേയറായി ബാറ്റിംഗിന് മാത്രമാണ് രോഹിത് ഇറങ്ങിയത്.