മണലൂർ :റീകൗണ്ടിംഗ് തേടി യു.ഡി.എഫ് ഹൈക്കോടതിയിലേക്ക്

Tuesday 05 May 2026 2:04 AM IST

തൃശൂർ : മണലൂർ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ക്രമാതീതമായി അസാധുവാക്കിയതിൽ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ ചീഫ് ഇലക്‌ഷൻ ഏജന്റ് സി.സി.ശ്രീകുമാർ അറിയിച്ചു. തപാൽ വോട്ട് എണ്ണിയപ്പോഴുണ്ടായ ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടി യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് റീ കൗണ്ടിംഗിനായി അപേക്ഷ നൽകി.

അതിനുശേഷമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാവൂ എന്ന് വരണാധികാരിയോട് യു.ഡി.എഫ് ആവശ്യപ്പെട്ടു. പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് 160 പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ അസാധുവാകാൻ കാരണം. സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റിനൊപ്പം ബാലറ്റിന്റെ കൗണ്ടർ ഫോയിൽ കൂടി അയക്കാൻ പോളിംഗ് ഓഫീസർമാർ വോട്ടർമാരെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതാണ് ഇത്രയധികം വോട്ട് അസാധുവാകാൻ കാരണമായത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഹൈക്കോടതിയിൽ ഇലക്‌ഷൻ ഹർജി ഫയൽ ചെയ്യാൻ യു.ഡി.എഫ് തീരുമാനിച്ചു. സമ്മതിദായകരുടെ വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ചീഫ് ഇലക്ഷൻ ഏജന്റ് സി.സി.ശ്രീകുമാർ ആവശ്യപ്പെട്ടു.