നിയമസഭയിലേക്ക് കന്നിജയം; തിരുവനന്തപുരത്ത് കരുത്ത് കാട്ടി സി.പി.ജോൺ

Wednesday 06 May 2026 1:25 AM IST

തിരുവനന്തപുരം: മൂന്നാം അങ്കത്തിൽ തലസ്ഥാന നഗരി ചുവപ്പിച്ച് സി.പി.ജോൺ നിയമസഭയിലേക്ക്. ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ 9,863 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.എം.പി ജനറൽ സെക്രട്ടറി വിജയിച്ചത്.തീരദേശ വോട്ടുകൾ തുടക്കം മുതൽ സി.പി.ജോണിനൊപ്പം നിന്നു.വെട്ടുകാട് തീരദേശ മേഖലയിലെ ആധിപത്യത്തോടെ ആരംഭിച്ച ആദ്യഘട്ട വോട്ടെണ്ണലിനുശേഷം ബി.ജെ.പി സ്ഥാനാർത്ഥി കരമന ജയൻ വെല്ലുവിളി ഉയർത്തിയെങ്കിലും വീണ്ടും തീരദേശത്തെത്തിയപ്പോൾ വോട്ടിംഗ് നില വർദ്ധിക്കുകയായിരുന്നു.സി.പി.ജോൺ 45,586 വോട്ടുകൾ നേടിയപ്പോൾ,എൽ.ഡി.എഫിലെ സുധീർ കരമന (35,723),എൻ.ഡി.എയിലെ കരമന ജയൻ (35,125) എന്നിവർ പിന്നിലായി. കുന്നംകുളത്ത് കഴിഞ്ഞ രണ്ട് തവണയും നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട ചരിത്രം തിരുത്തിയാണ് ജോണിന്റെ ഈ ഉജ്ജ്വല തിരിച്ചുവരവ്. മുൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ആസൂത്രണ ബോർഡ് മുൻ അംഗവുമായ അദ്ദേഹം യു.ഡി.എഫിന്റെ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന നേതാവാണ്.എം.വി. രാഘവനൊപ്പം സി.എം.പി രൂപീകരിക്കുന്നതിൽ മുൻകൈയെടുത്ത ജോൺ,മികച്ച സംഘാടകനും സാമ്പത്തിക വിദഗ്ദ്ധനുമാണ്.

1957 ഏപ്രിൽ 22ന് തൃശൂർ ജില്ലയിലെ കുന്നംകുളത്ത് സി.ഐ.പൗലോസിന്റെയും റോസയുടെയും മകനായി ജനിച്ച സി.പി.ജോൺ,ഫിസിക്‌സിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എൽഎൽ.ബിയും കരസ്ഥമാക്കി.ഭാര്യ: അരുണ വർക്കി, മക്കൾ: അപർണ ജോൺ,​ അഞ്ജന ജോൺ. മരുമകൻ ടോം ന്യൂട്ടൺ ലൂയിസ്,​ ചെറുമകൾ: നിതാര ന്യൂട്ടൺ ലൂയിസ്.