നാടിനൊപ്പം സാരഥിക്കൊപ്പം
ചെങ്ങന്നൂരിൽ തുടർച്ച
ഇടതുമുന്നണി സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങളും വികസനവും ജനങ്ങളിലെത്തിച്ചും യു.ഡി.എഫ്
നുണപ്രചരണങ്ങളെ മറികടന്നും മന്ത്രിയെന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും സമയം കിട്ടുമ്പോഴെല്ലാം മണ്ഡലത്തിലെ വോട്ടർമാർക്കൊപ്പം സജീവമായുമാണ് വിജയം ഉറപ്പിച്ചതെന്ന് ചെങ്ങന്നൂരിലെ വിജയി എൽ.ഡി.എഫിലെ സജി ചെറിയാൻ. ചെങ്ങന്നൂരിലെ ജനങ്ങളുടെ ഹൃദയത്തിലാണ് തന്റെ സ്ഥാനം. അവരോരുത്തരും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്. അവരുടെ ഏതാവശ്യത്തിനും ഒപ്പം നിന്നതാണ് ദുഷ്പ്രചരണങ്ങളെ മറികടന്ന് വിജയം നേടാൻ സഹായിച്ചത്. തുടർന്നും മണ്ഡലത്തിലും സംഘടനാപ്രവർത്തനരംഗത്തും സജീവമാകും.കഴിഞ്ഞ പത്തുവർഷക്കാലം മണ്ഡലത്തിൽ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ജനസേവനത്തിൽ സജീവമാകുകയുമാണ് ലക്ഷ്യം. ക്രിസ്റ്രീനയാണ് സജി ചെറിയാന്റെ ഭാര്യ . മക്കൾ : ഡോ. നിത്യ, ഡോ.ദൃശ്യ.,ഡോ.ശ്രവ്യ. മരുമക്കൾ: അലൻ,ജസ്റ്റിൻ
മാവേലിക്കരയുടെ മനസിനൊപ്പം
മാവേലിക്കരയിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും മണ്ഡലത്തിലുടനീളം ജനങ്ങളുടെ പ്രശ്നങ്ങളിൽ അവർക്കൊപ്പം നിൽക്കാൻ കഴിഞ്ഞതും പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണയുമാണ് വിജയത്തിനാധാരമെന്ന് മാവേലിക്കരയിലെ വിജയി എൽ.ഡി.എഫിലെ എം.എസ്.അരുൺകുമാർ പറഞ്ഞു. . സർക്കാരിന്റെ തുടർ ഭരണ നേട്ടങ്ങളും മാവേലിക്കര മണ്ഡലത്തിലുടനീളം നടപ്പാക്കിയ കോടികളുടെ വികസന പ്രവർത്തനങ്ങളും മണ്ഡലം നിലനിർത്താൻ സഹായിച്ചു. തുടർന്നും മണ്ഡലത്തിൽ സജീവമാകാനും വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുമാണ് ഉദ്ദേശം. യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയമായി നടത്തിയ കള്ളപ്രചരണങ്ങൾ വോട്ടർമാർ വിശ്വസിക്കാതിരുന്നത് അനുകൂല ഘടകമായി. അഴിമതി രഹിതമായ പൊതുപ്രവർത്തനത്തിനൊപ്പം വികസന പൂർണമായ മാവേലിക്കരയുമാണ് സ്വപ്നം. സ്നേഹയാണ് അരുൺകുമാറിന്റെ ഭാര്യ. മക്കൾ : അലൈഡ, ഗ്രാംഷി.
മാറ്റത്തിനൊപ്പം കായംകുളം
കേരളത്തിലുടനീളമെന്നപോലെ കായംകുളത്തും മാറ്റം അനിവാര്യമാണെന്ന ജനങ്ങളുടെ ചിന്തയും വികസനത്തിനായുള്ള ആഗ്രഹവുമാണ് വിജയത്തിന് പ്രധാന കാരണമെന്ന് കായംകുളത്തെ വിജയി യു.ഡി.എഫിലെ എം.ലിജു പറഞ്ഞു. കോൺഗ്രസിന്റെ കൂട്ടായും ചിട്ടയായുമുള്ള പ്രവർത്തനവും പ്രവർത്തകരുടെ ഐക്യവും അദ്ധ്വാനവും ജനങ്ങളുടെ പിന്തുണയും അനുകൂല ഘടകമായി. കഴിഞ്ഞ പത്തുവർഷക്കാലത്തെ വികസന മുരടിപ്പും സി.പി.എമ്മിലെ അന്തചിദ്രങ്ങൾക്കെതിരെ ആ പാർട്ടിയിലെ പ്രവർത്തകർക്കുള്ളിലുണ്ടായ അമർഷവും വിജയത്തിന് സഹായിച്ചു. ദേശീയ പാതയുൾപ്പെടെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളിൽ എം.എൽ.എയുടെ ഇടപെടലുണ്ടാകാതിരുന്നതും കായംകുളത്ത് മാറ്റത്തിന് ജനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമമുൾപ്പെടെ ലക്ഷ്യം വച്ചുള്ള ഇന്ദിരാ ഗ്യാരന്റിയും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും വോട്ടർമാരുടെ ആവശ്യങ്ങൾക്ക് അവർക്കൊപ്പം മുൻപന്തിയിൽ നിൽക്കുകയും ചെയ്യും. അമ്പിളിയാണ് എം.ലിജുവിന്റെ ഭാര്യ. മക്കൾ : ഗാർഗിപ്രിയദർശിനി ,ഗഗന പ്രിയദർശിനി
ഹൃദയത്തിലാണ് ഹരിപ്പാട്
ഹരിപ്പാട് തന്റെ ഹൃദയമാണെന്നും ഓരോ വോട്ടർമാരും കുടുംബാംഗങ്ങളെപ്പോലെയാണെന്നും ഹരിപ്പാട് നിന്നും ചരിത്ര വിജയം നേടിയ യു.ഡി.എഫിലെ രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും നിലപാടുകൾക്കുമെതിരായ വിധിയെഴുത്തിനൊപ്പം ഭരണമാറ്റത്തിനുള്ള ആഗ്രഹംകൂടിയാണ് പ്രകടമായത്. 2011 മുതൽ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തനിക്ക് ഓരോതവണയും നൽകുന്ന ഭൂരിപക്ഷം ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപിന്തുണയുടെ തെളിവാണ്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള അടുപ്പവും സ്നേഹവുമാണ് അവരുടെ കരുതലിന് കാരണം. എം.എൽ.എയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഹരിപ്പാടിന് മികച്ച പരിഗണന നൽകാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നും കണ്ണിലെ കൃഷ്ണമണിപോലെ മണ്ഡലത്തെ കാത്തുസൂക്ഷിക്കും. യു.ഡി.എഫ് ഭരണത്തിലെത്തുന്നതോടെ മണ്ഡലത്തിന്റെ വികസന കാര്യങ്ങൾക്ക് മുൻഗണന നൽകും. ഭാര്യ അനിതരമേശ്, മക്കളായ ഡോ. രോഹിത് ചെന്നിത്തല, രമിത് ചെന്നിത്തല, മരുമക്കളായ ഡോ. ശ്രീജാ ഭാസി, ജുനിറ്ര മറിയം ജോൺ, ചെറുമകൻ രോഹൻ എന്നിവർ അടങ്ങുന്നതാണ് ചെന്നിത്തലയുടെ കുടുംബം.
എന്നും അരൂരിനൊപ്പം
കോൺഗ്രസിന്റെ സംഘടനാ അടിത്തറ ശക്തമാക്കിയതാണ് അരൂരിലെ വിജയത്തിന് കാരണമെന്ന് യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാൻ . 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ഈ ഐക്യം കണ്ടതാണ്. പെരുമ്പളം പാലം ഒരിക്കലും വോട്ടായി മാറില്ലെന്ന് ഉറപ്പുണ്ടായിരുന്നു. വെപ്രാളപ്പെട്ട് തട്ടിക്കൂട്ടിയ പാലത്തിനെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. പൂത്തോട്ട പാലത്തിനാണ് ഇവിടെ പ്രാധാന്യം നൽകേണ്ടത്. ഇത് ആദ്യത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തും. ഇത്തവണ ഭൂരിപക്ഷം കൂട്ടനായതും ഈ ഘടകങ്ങൾക്കൊണ്ടാണ്. ആലിശേരി പൂപ്പറമ്പിൽ വീട്ടിൽ അഡ്വ. എ. മുഹമ്മദ് ഉസ്മാനാണ് ഷാനിമോളുടെ ഭർത്താവ്. മക്കൾ: ആസിയ തമീം ഉസ്മാൻ, അഡ്വ. അലിഫ് സത്താർ ഉസ്മാൻ. മരുമകൻ: ഷനാസ് ഷാജഹാൻ.
ചേർത്തു നിറുത്തി ചേർത്തല
കഴിഞ്ഞ അഞ്ചുകൊല്ലത്തെ വികസന പ്രവർത്തനങ്ങളാണ് ചേർത്തലയിലെ ഉജ്വല വിജയത്തിന് കാരണമെന്ന് എൽ.ഡി.എഫിലെ പി. പ്രസാദ് പറഞ്ഞു. മണ്ഡലത്തിൽ 1200 കോടിയ്ക്ക് മുകളിൽ വികസന പ്രവർത്തനങ്ങൾ നടത്തി. സർക്കാരിന്റെ എല്ലാ വികസനപ്രവർത്തനങ്ങളും മണ്ഡലത്തിൽ നടപ്പിലാക്കി. ഔദ്യോഗിക കാര്യങ്ങൾക്ക് മാറി നിന്നതല്ലാതെ ഈ അഞ്ചുകൊല്ലവും മണ്ഡലത്തിൽ തന്നെയുണ്ടായിരുന്നു. അതാണ് കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇരട്ടി ഭൂരിപക്ഷത്തിൽ വിജയിക്കാനായത്.
വളരെ സ്നേഹമുള്ള നല്ലവരായ ജനങ്ങളാണ് ചേർത്തലയിൽ. 2021ൽ 6148 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നത് ഇത്തവണ അത് 14,489 ആയി ഉയർത്തിയത് ജനങ്ങൾ അർപ്പിച്ച വിശ്വാസം കൊണ്ടാണ്. പാലമേൽ പഞ്ചായത്തിൽ മറ്റപ്പള്ളി സുജാലയമാണ് പ്രസാദിന്റെ കുടുംബം. ഇപ്പോൾ ചേർത്തലയിലാണ് താമസം. ഭാര്യ: ജെ.ലൈന. മക്കൾ: വിദ്യാർത്ഥികളായ ഭഗത് പ്രസാദ്, അരുണ അൽമിത്ര.
അമ്പലപ്പുഴയിലെ വികസനാരവം
സി.പി.എമ്മിന്റെ സംഘടനാ സംവിധാനവും ജി.സുധാകരന്റെ പ്രതിഛായയും തമ്മിലുള്ള പോരാട്ടമായിരുന്നു അമ്പലപ്പുഴ മണ്ഡലത്തിലേത്. പാർട്ടി ബന്ധം ഉപേക്ഷിച്ച സുധാകരനെ തോൽപ്പിക്കുക എന്ന സി.പി.എം അജണ്ട പാടെ തകർന്ന കാഴ്ച്ചയാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. മുമ്പ് എം.എൽ.എയും മന്ത്രിയുമായിരുന്ന കാലയളവിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളാണ് ഇത്തവണയും സുധട്ടകരന് വോട്ടായി മാറിയത്. അഴിമതി രഹിതനെന്ന ഇമേജ് രാഷ്ട്രീയവ്യത്യാസമില്ലാതെ സുധാകരനെ സ്വീകരിക്കാൻ വോട്ടർമാർ ഘടകമാക്കി. സുധാകരനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ഇടതുമുന്നണി നടത്തിയ പ്രകടനങ്ങളും പ്രതിഷേധങ്ങളും പാർട്ടിക്ക് തന്നെ തിരിച്ചടിയായി. കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ സുധാകരൻ പാർട്ടിക്കെതിരെ പരസ്യമായി തിരിയുന്നെങ്കിൽ അതിന് പിന്നിൽ ശക്തമായ കാരണമുണ്ടാകുമെന്ന ചിന്തയും വോട്ടർമാർക്കിടയിൽ ശക്തമായിരുന്നു. സാമുദായിക ഘടകങ്ങളൊന്നും മണ്ഡലത്തിൽ ഏശിയില്ല. തൊഴിലാളി വോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ വോട്ടർമാർ കൂട്ടത്തോടെ സുധാകരനെ നെഞ്ചിലേറ്റുകയായിരുന്നു. ഭാര്യ ജൂബിലി നവപ്രഭ, മകൻ നവനീത്, മരുമകൾ രശ്മി എന്നിവരടങ്ങുന്നതാണ് സുധാകരന്റെ കുടുംബം. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 27,935 വോട്ടുകൾക്കാണ് സുധാകരൻ വിജയിച്ചത്.
കന്നിക്കാരന്റെ അട്ടിമറി തിളക്കം
കന്നിമത്സരത്തിൽ അട്ടിമറി വിജയം സ്വന്തമാക്കിയാണ് ആലപ്പുഴ മണ്ഡലത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എം.എൽ.എയാകുന്നത്. യുവത്വത്തിന്റെ ഊർജ്ജവും പ്രസരിപ്പും വോട്ടർമാരുടെ മനസ്സ് കീഴടക്കി. നവകേരളയാത്രയ്ക്കിടെ കരിങ്കാെടി കാണിച്ചതിന് മുഖ്യമന്ത്രിയുടെ ഗൺമാൻ മാരകമായി ആക്രമിച്ച് തലയടിച്ച് പൊട്ടിച്ച സംഭവത്തിലെ പ്രധാന ഇരയാണ് തോമസ്. പഠനത്തിനൊപ്പം കടലിൽ പോയി ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളി എന്ന ഘടകവും തോമസിന്റെ ഇമേജ് വർദ്ധിപ്പിച്ചു.മണ്ഡല പുനർനിർണയത്തോടെ ഇടത് സ്ഥാനാർത്ഥികളായിരുന്നു ഇവിടെ തുടർച്ചയായി വിജയിച്ചിരുന്നത്. . ജനകീയനായ സിറ്റിംഗ് എം.എൽ.എ പി.പി.ചിത്തരഞ്ജനെ മറികടക്കുക എന്ന കടുത്ത വെല്ലുവിളി, പ്രതീക്ഷിച്ചതിലും നിസ്സാരമായി മറികടക്കാൻ തോമസിന് സാധിച്ചു. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എമാരിൽ ഒരാളാണ് എ.ഡി.തോമസ്. പിതാവ് ഡൊമിനിക് ജാക്സൻ, അമ്മ അക്കാമ്മ, സഹോദരങ്ങളായ ആന്റണി ഫെയ്സ്, ക്രിസ്റ്റീൻ എന്നിവരടങ്ങുന്നതാണ് കുടുംബം. 21,015 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയം.
ആവേശത്തോടെ കുട്ടനാട്
മറ്റ് 139 മണ്ഡലങ്ങളിലും ഇല്ലാത്ത തരത്തിൽ രൂക്ഷമായ ശുദ്ധജല പ്രതിസന്ധി. അതും, വെള്ളത്താൽ ചുറ്റപ്പെട്ട നാട്ടിൽ. ഇതു തന്നെയാണ് ജനവികാരം കുട്ടനാട്ടിൽ യു.ഡി.എഫിന് അനുകൂലമാകാനുള്ള പ്രധാന കാരണം. ജാതിമത രാഷ്ട്രീയം മറന്ന് വോട്ടർമാർ കേരള കോൺഗ്രസിന്റെ റെജി ചെറിയാനെ നെഞ്ചിലേറ്റി. തുടർച്ചയായി ഇടത് മുന്നണി ഭരിച്ചിട്ടും കുടിവെള്ള പദ്ധതികളൊന്നും യാഥാർത്ഥ്യമാക്കാനായില്ല. ഏതാവശ്യത്തിനും ജലം വില കൊടുത്തു വാങ്ങേണ്ട അവസ്ഥയുണ്ട്. നടക്കാൻ വഴികളില്ല. ഈ ഘടകങ്ങൾ റെജി ചെറിയാന് വോട്ടായി മാറിയിട്ടുണ്ട്. വ്യവസായി കൂടിയായ റെജി ചെറിയാൻ ജീവകാരുണ്യ മേഖലയിലടക്കം നടത്തി വന്നിരുന്ന പ്രവർത്തനങ്ങളും ജനങ്ങളെ സ്വാധീനിച്ചു. ആദ്യ മത്സരത്തിൽ 20,600 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റെജി ചെറിയാന്റെ വിജയം. ഭാര്യ മേരിക്കുട്ടി, മക്കളായ റിച്ചു, റിത്തു, മരുമക്കളായ നീനു, സേറ എന്നിവരടങ്ങുന്നതാണ് കുടുംബം.