ഇതിന് ഒരറുതി വരുത്തണം. സോഷ്യൽ മീഡിയ ഇനി കേരളത്തിൽ ഒരു അക്രമവും ആളിക്കത്തിക്കരുത്, ജയരാജൻ ഭട്ടതിരിപ്പാടിനെ വിളിക്കും: മുഖ്യമന്ത്രി എന്നോട് പറഞ്ഞു
സോഷ്യൽ മീഡിയയുടെ ദുരുപയോഗം തടയാൻ കേന്ദ്രം നിയമനിർമ്മാണം നടത്തുന്നു എന്ന വാർത്തയുണ്ട്. അതുകേട്ടപ്പോൾ രണ്ടുവർഷം മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ഫോൺകോളാണ് ഓർമ്മ വന്നത്. അദ്ദേഹം ഫോണിലൂടെ പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കം തന്നെയാണ് ഇന്ന് കേന്ദ്രം കൊണ്ടുവരുന്ന നിയമത്തിന്റെയും.
അന്നദ്ദേഹം പറഞ്ഞത് ഇപ്രകാരം: 'തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് നാലു ദിവസങ്ങളായി നടന്ന അക്രമസംഭവങ്ങൾ ഭട്ടതിരിപ്പാടിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ?'
ഞാൻ വിദേശത്താണെങ്കിൽ വാർത്ത ശ്രദ്ധയിൽപ്പെടാതെ പോകാൻ സാദ്ധ്യതയുണ്ടെന്ന് മനസിൽവച്ചാണ് ആ ചോദ്യമെന്ന് ഊഹിച്ചു. മാത്രമല്ല, സൈബറുമായി അതിനെന്തോ ബന്ധം അദ്ദേഹം കണ്ടെത്തിയതുകൊണ്ടു മാത്രമാണ് എന്നെ വിളിക്കുന്നതെന്ന കൊള്ളിയാനും മനസിൽ മിന്നി.
'ഞാൻ കോഴിക്കോട്ടുണ്ട്. വാർത്ത ശ്രദ്ധിച്ചു. അക്രമസംഭവങ്ങൾക്ക് സോഷ്യൽ മീഡിയ ആക്കംകൂട്ടിയെന്നും വായിച്ചു.'
'അതുതന്നെയാണ് പറയുന്നത്. എനിക്ക് കിട്ടിയ ഇന്റലിജൻസ് വിവരങ്ങളുമതാണ്. മാത്രമല്ല, ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ യു.ഡി.എഫും ബി.ജെ.പിയും അതുതന്നെയാണ് പറഞ്ഞത്. ഒരാൾ മറ്റൊരാളെ കൊന്നു. പക്ഷേ സോഷ്യൽ മീഡിയയിൽ പലവിധം വ്യാഖ്യാനങ്ങളുണ്ടായി. മിക്കതും ആക്രമിക്കാനും തിരിച്ചടിക്കാനുമുള്ള ആഹ്വാനങ്ങൾ. ചുരുക്കത്തിൽ, വാട്സ് ആപ്പും ഫേസ്ബുക്കും ചേർന്ന് ദിവസങ്ങളോളം തലസ്ഥാനം സ്തംഭിപ്പിച്ചു.'
നിസഹായമായിരുന്നില്ല അദ്ദേഹത്തിന്റെ ശബ്ദം. എന്തോ നിശ്ചയിച്ചുറച്ചതു പോലെയായിരുന്നു വാക്കുകൾ.
'ഇതിന് ഒരറുതി വരുത്തണം. സോഷ്യൽ മീഡിയ ഇനി കേരളത്തിൽ ഒരു അക്രമവും ആളിക്കത്തിക്കരുത്. ഇത്തവണ പൊലീസ് ഒരുവിധം നിയന്ത്രിച്ചു. പക്ഷേ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാതെ നോക്കുകയാണ് വേണ്ടത്. വിദേശരാജ്യങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി നോക്കി എന്താണ് ചെയ്യാനാവുക എന്നാലോചിക്കണം. ജയരാജൻ ഭട്ടതിരിപ്പാടിനെ വിളിക്കും. '
എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയായി ചാർജെടുത്തിട്ട് അധികം നാളായിട്ടുണ്ടായിരുന്നില്ല. എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയവുമില്ല. എങ്കിലും എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഇംഗിതമാണ് പറയുന്നതെന്ന് മനസിലാക്കി വേണ്ടത് ചെയ്യണമെന്നായിരുന്നു ഫോണിന്റെ ഉള്ളടക്കം.
'ഞാൻ ഹോംവർക്ക് ചെയ്യാം സഖാവെ. അക്രമം നടത്തിയ ഇരുകൂട്ടരുടെയും പക്ഷത്തുമുള്ളവരേക്കാൾ, രണ്ടിലും പെടാതെ മാറിനിന്ന് സോഷ്യൽ മീഡിയയിലൂടെ ഇരുകൂട്ടരെയും തമ്മിലടിപ്പിക്കുന്ന പോസ്റ്റുകളുണ്ടാക്കി പ്രചരിപ്പിച്ച് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സംഘടനകളും വ്യക്തികളുമുണ്ട്. അവരാണ് ഈ നാടിന്റെ ശാപം. അവരെ സോഷ്യൽ മീഡിയയിൽ തിരിച്ചറിഞ്ഞ് കൺട്രോൾ ചെയ്യാനുള്ള സാങ്കേതികസംവിധാനമാണ് കേരളത്തിനാവശ്യം. അത് നേടിയെടുക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് തന്നെ കേരളം മാതൃകയാകും'
ഉടൻ അതിനുള്ള മറുപടിയും മുഖ്യമന്തിയിൽ നിന്നുണ്ടായി.
'അതുതന്നെയാണ് വേണ്ടത്. നിയമനിർമ്മാണം മാത്രമല്ല മലയാളികൾ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന രീതി ഗുണപരമായി മാറ്റാനാവുമോ എന്നാണ് പരിശോധിക്കേണ്ടത്. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിന് സർക്കാർ കൂച്ചിവിലങ്ങിടുന്നു എന്ന് പഴികേൾപ്പിക്കാതെ നോക്കണം. പൊലീസിനെ ഉപയോഗിച്ച് സർക്കാർ സോഷ്യൽ മീഡിയയെ കൺട്രോൾ ചെയ്യുന്നു എന്ന പഴിയും കേൾപ്പിക്കരുത്. ആലോചിക്കൂ. ബാക്കി ജയരാജൻ പറയും.'
ഒരു മുഖ്യമന്ത്രിയിൽ നിന്നും കേൾക്കാനാഗ്രഹിച്ച വാക്കുകൾ. വർഷങ്ങളായി സൈബർ സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിച്ച് , അഭിപ്രായം 'ആലോചിച്ച് ' നൽകാൻ പറയാറുണ്ട്. 'ആലോചിക്കാൻ' 1015 മിനിട്ട് മാത്രമേ തരാറുള്ളൂ. മറുപടി 34 വാചകത്തിൽ വേണം താനും. എനിക്കതിഷ്ടവുമാണ്. ഇത്തവണ മറുപടി ജയരാജനോട് പറഞ്ഞാൽ മതി. നേരമെടുത്ത് ചിന്തിക്കാമെന്ന് തോന്നി. പക്ഷേ പത്ത്പതിനഞ്ച് മിനിട്ടുകൾക്കകം ജയരാജൻ വിളിച്ചു. കൂടിയാലോചനയ്ക്ക് ഒരു വിദഗ്ദ്ധ കമ്മിറ്റിയുണ്ടാക്കാൻ പോകുന്നുവെന്നും പങ്കെടുത്ത് സഹകരിക്കണമെന്നും പറഞ്ഞു. ആവാമെന്ന് വാക്കു കൊടുത്തു. താമസിയാതെ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. മുതിർന്ന ഐ.എ.എസുകാരായ മൂന്ന് സെക്രട്ടറിമാരും പിന്നെ ഞാനും. അതിലൊരു ഐ.എ.എസുകാരനാണ് കമ്മിറ്റിയുടെ തലവൻ. ആദ്യയോഗത്തിൽ അവതരിപ്പിക്കാനായി കുറെ പോയിന്റുകൾ തയാറാക്കി. തിരുവനന്തപുരത്ത് അക്രമം ആളിക്കത്തിച്ച സൈബർ പോസ്റ്റുകളായിരുന്നു അപ്പോൾ മനസിൽ. പിന്നെ, കേസിൽപ്പെട്ട് ജീവിതത്തിന്റെ നല്ലകാലം മുഴുവനും പൊലീസും കോടതിയും വക്കീലുമായി നീങ്ങാൻ വിധിക്കപ്പെട്ട ചെറുപ്പക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദയനീയാവസ്ഥയും.
ഡി.ജി.പി ലോക്നാഥ് ബെഹ്രയും ചില പോയിന്റുകൾ തന്നു. പൊലീസ് ഈ കമ്മിറ്റിയിലില്ല എന്നത് നന്നായി എന്ന അഭിപ്രായക്കാരനായിരുന്നു ഡി.ജി.പി . പൊലീസിന്റെ അടിച്ചൊതുക്കൽ മാത്രമല്ല സാമൂഹ്യപാഠങ്ങൾ മാറ്റിയെഴുതിയുള്ള ബോധവത്കരണം കൂടി ആവശ്യമാണെന്ന് അദ്ദേഹം ചിന്തിച്ചു. പക്ഷേ, ആ കമ്മിറ്റി ഒരിക്കലും കൂടിയില്ല. ഞാൻ ഒന്നുരണ്ടു തവണ തലവനെ വിളിച്ചുനോക്കി. വിളിക്കുമ്പോഴൊക്കെ കമ്മിറ്റിയുടെ കാര്യം പിന്നെ പറയാം എന്നായിരുന്നു മറുപടി.
അതിനിടയിൽ 'വാട്സ് ആപ്പ് ഹർത്താൽ' വന്നു. അതുമായി ബന്ധപ്പെട്ട് ആയിരത്തിനാനൂറിലധികം ചെറുപ്പക്കാർ വിവിധ കേസുകളിൽ കുടുങ്ങി ജയിലായി. 34 പേരൊഴിക ബാക്കിയെല്ലാവരും മുസ്ലീം ചെറുപ്പക്കാർ. എല്ലാവർക്കുമെതിരെ ശക്തമായ സൈബർ തെളിവുകൾ.
താമസിയാതെ ഒരു ചാനൽവാർത്ത വന്നു. മേൽപ്പറഞ്ഞ കമ്മിറ്റി സമയത്ത് തന്നെ കൂടി ഒരു പോളിസിയുണ്ടാക്കി പ്രാവർത്തികമാക്കിയിരുന്നെങ്കിൽ 'വാട്സാപ്പ് ഹർത്താൽ' ഉണ്ടാവുമായിരുന്നില്ല എന്നായിരുന്നു വാർത്ത. അപ്പറഞ്ഞത് ശരിയായിരുന്നു എന്ന് കമ്മിറ്റിയെക്കുറിച്ചറിയാമായിരുന്ന ചിലർ സ്വകാര്യമായി പറഞ്ഞു.
ചെറുപ്പക്കാർ പണിയെടുത്ത് കൂലി വീട്ടിലെത്തിച്ചില്ലെങ്കിൽ അതിന്റെ നഷ്ടം അവരുടെ കുടുംബങ്ങൾക്കു മാത്രമല്ല രാജ്യത്തിനും കൂടിയാണ്. ഇത്തരം അക്രമങ്ങൾ രാജ്യത്തിന്റെ സാമ്പത്തികനിലയാണ് തകർക്കുന്നത്. ഈ ചിന്തയിലാണ് ലോകരാജ്യങ്ങളെല്ലാം. ഭാരതവും ആ നിലയിൽ ചിന്തിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം ഒരു പരിധിവരെ അനുവദിച്ചു കൊണ്ട് സോഷ്യൽ മീഡിയയെ റെഗുലേറ്റ് ചെയ്യാനുള്ള നിയമനിർമ്മാണത്തിനായി കേന്ദ്രം ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇനിയുള്ള കാലത്ത് ഭാരതത്തിന്റെ ഭദ്രതയ്ക്ക് ഇത്തരമൊരു നിയമം ആവശ്യമാണ്.
നമ്മുടെ മുഖ്യമന്ത്രി രണ്ട് വർഷം മുൻപ് മനസിൽ കണ്ടതും പ്രാവർത്തികമാക്കാൻ ശ്രമിച്ചപ്പോൾ ഇവിടുത്തെ ഉദ്യോഗസ്ഥർ തകർത്തതുമായ ഒരു കാര്യം കേന്ദ്രസർക്കാരും അവരുടെ ഉദ്യോഗസ്ഥരും ഇപ്പോൾ പ്രാവർത്തികമാക്കാൻ പോകുന്നു. അത് പ്രാവർത്തികമാക്കുന്ന രീതി വ്യത്യസ്തമാണോ എന്ന് മാത്രമേ കണ്ടറിയാനുള്ളൂ.
(സൈബർ ഫോറൻസിക്ക് വിദഗ്ദ്ധനായ ലേഖകൻ നിരവധി വിദേശ ജേർണലുകളുടെ കമ്മിറ്റികളിൽ അംഗവും ഡി. ജി.പി യുടെ ഓണററി സാങ്കേതിക ഉപദേശകനുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം.)