ചാത്തന്നൂരിന്റെ ഹൃദയത്തിൽ ബി.ബി.ഗോപകുമാർ
ചാത്തന്നൂരിലെ കൂടുതൽ ജനങ്ങളുടെ ഹൃദയത്തിലേക്ക് സൗമ്യസാന്നിദ്ധ്യമായി നടന്നുകയറിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന ബി.ബി.ഗോപകുമാർ വിജയിച്ചത്.
ചാത്തന്നൂരിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളിൽ മണ്ഡലത്തിലുള്ളയാൾ ബി.ബി.ഗോപകുമാറായിരുന്നു. ചാത്തന്നൂരിലെ വലിയൊരു വിഭാഗം ജനങ്ങൾ നാട്ടുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് വോട്ട് നൽകി. അതിന് പുറമേ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളും സൗമ്യമായ ഇടപെടലും അതിദീർഘമായ ശിക്ഷ്യസമ്പത്തും ബി.ജെ.പിയുടെ സംഘടനാ വളർച്ചയും ഒറ്റക്കെട്ടായുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനവും സമന്വയിച്ചപ്പോൾ ചാത്തന്നൂരിൽ താമര വിരിയുകയായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബി.ജെ.പിക്ക് 3839 വോട്ട് മാത്രമാണുണ്ടായിരുന്നത്. 2016ൽ സ്ഥാനാർത്ഥിയായി ആദ്യം കളത്തിലിറങ്ങിയ ബി.ബി.ഗോപകുമാർ എൻ.ഡി.എ വോട്ട് 33139 ആയി ഉയർത്തി യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 2021ൽ വീണ്ടും അങ്കത്തിനിറങ്ങിയ അദ്ദേഹം വോട്ട് 42090 ആയി ഉയർത്തി രണ്ടാം സ്ഥാനം നിലനിറുത്തി.
ആറ് വർഷക്കാലം ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. കാൽ നൂറ്റാണ്ടായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റാണ്. ഇപ്പോൾ ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റുമാണ്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം ചാത്തന്നൂർ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് അദ്ധ്യാപകനായിരുന്ന അദ്ദേഹം ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.