നിരവധി പ്രതിസന്ധികള്‍, എന്നിട്ടും തുടര്‍ച്ചയായി നാലാം തവണയും കൊച്ചി എയര്‍പോര്‍ട്ടിന് റെക്കോഡ് നേട്ടം

Friday 08 May 2026 12:12 AM IST

തുടര്‍ച്ചയായ നാലാം തവണയും നേട്ടം

നെടുമ്പാശേരി: ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടെയിലും കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) തുടര്‍ച്ചയായ നാലാം വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,14,42,583 പേരാണ് സിയാല്‍ വഴി സഞ്ചരിച്ചത്. 73,134 വിമാന സര്‍വീസുകളും കൈകാര്യം ചെയ്തു. 2025 മേയിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍(11,07,184). 54,01,939 പേര്‍ അന്തര്‍ദേശീയ യാത്രക്കാരും 60,40,644 പേര്‍ ആഭ്യന്തര യാത്രക്കാരുമായിരുന്നു. 31,505 അന്താരാഷ്ട്ര സര്‍വീസുകളും 41,629 ആഭ്യന്തര സര്‍വീസുകളും കൈകാര്യം ചെയ്തു.

പ്രതിസന്ധികള്‍ മറികടന്ന് കുതിപ്പ്

കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളിലെ വിമാനക്കമ്പനികളുടെ പ്രവര്‍ത്തന നിയന്ത്രണങ്ങളും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഗള്‍ഫ് സംഘര്‍ഷവും മറികടന്നാണ് യാത്രക്കാരുടെ എണ്ണത്തില്‍ 2.2 ശതമാനം വളര്‍ച്ച നേടിയത്. മറ്റെല്ലാ സമയത്തും സ്ഥിരതയാര്‍ന്ന യാത്രാ തിരക്ക് നിലനിര്‍ത്താനും സീസണുകളിലെ യാത്രക്കാരുടെ ഒഴുക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനുമായി.

അടിസ്ഥാനസൗകര്യ വികസനം നേട്ടമായെന്ന് എസ്. സുഹാസ്

സിയാല്‍ 2.0 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസനവും യാത്രാസൗകര്യ വര്‍ദ്ധനയും പ്രവര്‍ത്തന കാര്യക്ഷമതയുമാണ് നേട്ടമായതെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കി.

സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള സേവനങ്ങളും വേഗമേറിയ പ്രോസസ്സിംഗ് സംവിധാനങ്ങളും യാത്രാനുഭവം കൂടുതല്‍ സൗകര്യപ്രദമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ ഫുള്‍ ബോഡി സ്‌കാനറുകള്‍ നടപ്പിലാക്കിയതോടെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ആധുനികമായി.