നിലപാട് കടുപ്പിച്ച് സതീശൻ ; നോ കോംപ്രമൈസ് , മുഖ്യമന്ത്രിയല്ലാതെ മറ്റൊന്നും വേണ്ട
തിരുവനന്തപുരം: മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മറ്റൊരു സ്ഥാനവും വേണ്ടെന്ന നിലപാട് വി.ഡി.സതീശൻ സ്വീകരിച്ചതോടെ ഹൈക്കമാൻഡ് തീരുമാനം അതിനിർണായകമായി. എ.ഐ.സി.സി നിരീക്ഷകരെ ഇന്നലെ ഇക്കാര്യം അറിയിച്ചെന്നാണ് വിവരം.
നിയുക്ത എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി മടങ്ങിയ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് റിപ്പോർട്ട് നൽകും. ഇതുകൂടി പരിശോധിച്ച് ശനിയോ, ഞായറോ ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ഇതിനുമുമ്പ് രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ എന്നിവരെ ഡൽഹിക്ക് വിളിപ്പിക്കും. എ.കെ.ആന്റണി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായവും തേടും. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്കാണ് ആലോചന.
63 എം.എൽ.എമാരിൽ 25ലേറെപ്പേർ കെ.സിയെ അനുകൂലിച്ചെന്നാണ് അവരുടെ ക്യാമ്പിന്റെ അവകാശവാദം. 23 പേരുടെ പിന്തുണ തങ്ങൾക്കെന്ന് ചെന്നിത്തല അനുകൂലികൾ പറയുന്നു. എണ്ണം പറഞ്ഞില്ലെങ്കിലും മുതിർന്ന എം.എൽ.എമാരിൽ വലിയൊരുപങ്കും യുവനിരയും വി.ഡിയുടെ പേര് നിർദ്ദേശിച്ചെന്ന് സതീശൻ പക്ഷവും അവകാശപ്പെട്ടു. കന്നിക്കാരായ എം.എൽ.എമാർ ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം എന്ന നിലപാടെടുത്തു.
രാവിലെ 11നാണ് കൂടിക്കാഴ്ച തുടങ്ങിയത്. ഒരാൾക്ക് പരമാവധി രണ്ടു മിനിട്ട്. ചില സാമാജികർ ലഘുവിവരണവും നൽകി. ചെന്നിത്തലയും സതീശനും സണ്ണിജോസഫും നിരീക്ഷകരുമായി താജ് വിവാന്തയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സീനിയോറിട്ടിയും പിന്തുണയും ചെന്നിത്തല നിരത്തിയപ്പോൾ അണികളുടെ വികാരം മാനിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. അതിനിടെ, മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എ.ഐ.സി.സി നേതൃത്വത്തെ ചുമതലപ്പെടുത്തി പാർലമെന്ററി പാർട്ടി യോഗം പ്രമേയം പാസാക്കി.
സതീശനെ അനുകൂലിച്ച് എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രകടനം നടന്നു. കെ.സിയെ അനുകൂലിച്ചും എതിർത്തും ആലപ്പുഴയിൽ ബാനറുകളുയർന്നു. കെ.സിക്കായി വീണ്ടുമെത്തിയ കെ.സുധാകരൻ, കോൺഗ്രസിൽ ഒന്നല്ല ഒരുപാട് സതീശൻമാരുണ്ടെന്ന് കളിയാക്കി.
കെ.സി- ചെന്നിത്തല
ധാരണാ നീക്കം
കെ.സിക്കുവേണ്ടി രംഗത്തുള്ള എ.പി.അനിൽകുമാർ ഇന്നലെ രാത്രി ചെന്നിത്തലയെ കണ്ടു. ഇത് ഇരുപക്ഷവും തമ്മിൽ ധാരണയിലെത്തുന്നതിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെടുന്നു. ടേം വ്യവസ്ഥയിൽ ഇരുവർക്കും മുഖ്യമന്ത്രിസ്ഥാനം. സതീശനു പ്രധാന വകുപ്പ് എന്ന ഫോർമുല. അതേസമയം, ഘടകകക്ഷി നേതാക്കൾ കന്റോൺമെന്റ് ഹൗസിലെത്തി സതീശനെയും കണ്ടു.
സതീശനൊപ്പം ലീഗ്,
കേരള കോൺഗ്രസ്
മുസ്ലിം ലീഗും കേരള കോൺഗ്രസും സതീശനെ പിന്തുണച്ചു. മറ്റ് ഘടകകക്ഷികൾക്ക് സതീശൻ അല്ലെങ്കിൽ ചെന്നിത്തല എന്നാണ് അഭിപ്രായം. സിറ്റിംഗ് എം.എൽ.എ മുഖ്യമന്ത്രിയാവണമെന്ന് കേരള കോൺഗ്രസ്. സഭയിൽ പ്രാതിനിദ്ധ്യമില്ലാത്ത ഘടകകക്ഷി നേതാക്കളും കെ.ഡി.പി നേതൃത്വവും നിരീക്ഷകരെ കണ്ടു. മുഖ്യമന്ത്രിക്കസേരയ്ക്കുള്ള പോര് പൊതുജനമദ്ധ്യത്തിൽ വെറുപ്പുളവാക്കുമെന്ന് ഘടകകക്ഷികൾ നിരീക്ഷകരെ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തരുതെന്ന വികാരവും പങ്കുവച്ചു.
പന്ത് ഡൽഹി ക്വാർട്ടിൽ
1 ഭൂരിപക്ഷം സാമാജികരുടെയും പിന്തുണ വേണുഗോപാലിനെന്ന് ബോദ്ധ്യപ്പെട്ടാൽ മറ്റൊരു തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് പോയേക്കില്ല
2 കോൺഗ്രസിന് 63 സീറ്റോടെ നിർണായക സ്വാധീനമുള്ളതിനാൽ ഘടകകക്ഷികളുടെ സമ്മർദ്ദ തന്ത്രം അംഗീകരിക്കപ്പെടണമെന്നുമില്ല
3 മുഖ്യമന്ത്രി പരിഗണന കിട്ടാതെവന്നാൽ ഡിമാന്റ് വച്ച് സാഹചര്യം നേരിടാൻ സതീശൻ തയ്യാറാകുമോ എന്നു കണ്ടറിയണം