കത്തിമുനയിൽ പീഡനം,​പൂട്ടിക്കിടക്കുന്ന 5സ്റ്റാർ ഹോട്ടൽ ബ്യു മോണ്ട് ക്രിമിനൽ താവളം

Saturday 09 May 2026 3:07 AM IST

കൊച്ചി: കത്തിമുനയിൽ നിറുത്തി എം.ബി.എ ബിരുദധാരിയെ പീഡനത്തിന് ഇരയാക്കിയ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ബ്യു മോണ്ട് ഹോട്ടൽ സാമൂഹ്യവിരുദ്ധരുടെ താവളം. എറണാകുളം സൗത്ത് റെയി​ൽവേ സ്റ്റേഷന് മുന്നി​ൽ പൂട്ടിക്കിടക്കുന്ന ഈ ഫൈവ് സ്റ്റാർ ഹോട്ടൽ മദ്യ-മയക്കുമരുന്ന് സംഘങ്ങൾക്കും ലൈംഗിക തൊഴിലാളികൾക്കും സുരക്ഷിത കേന്ദ്രമാണ്. കാടുപിടിച്ചു കിടക്കുന്നതിനാൽ പുറത്തുനിന്നുള്ളവരുടെ ശ്രദ്ധ എത്തില്ല. യുവതി പീഡനത്തിനിരയായ സംഭവം പുറത്തുവന്നതോടെ ഹോട്ടലും പരിസരവും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. റെയി​ൽവേ സ്റ്റേഷൻ നഗരത്തി​ലെ ഗുണ്ടകളും ക്രി​മിനലുകളും ലൈംഗി​കതൊഴി​ലാളി​കളും അഴി​ഞ്ഞാടുന്ന ഇടമാണ്. അവർക്കുള്ള താവളം പോലെയാണി​പ്പോൾ ബ്യൂ മോണ്ട് വളപ്പ്. ഇതറി​യാതെയാണ് യുവതി​യും ആൺ​സുഹൃത്തും സ്ഥലത്തെത്തി​യതെന്നാണ് കരുതുന്നത്.

ആദ്യകാലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. അതാണ് സാമൂഹ്യവി​രുദ്ധർക്ക് താവളമാകാൻ കാരണം. ആദ്യമെല്ലാം ഇക്കൂട്ടർ മതിൽ ചാടിയാണ് അകത്തുകയറിയിരുന്നത്. കാലക്രമേണ മുൻവശത്തെ ഗേറ്റ് തകർന്നതോടെ പ്രവേശനം എളുപ്പമായി. പ്രധാന ചില്ലുവാതിൽ കൂടി തകർന്നതോടെ ഹോട്ടലിനുള്ളിലേക്കും മുകൾനിലകളിലേക്കും ആർക്കും തടസമില്ലാതെ കയറാവുന്ന സ്ഥിതിയായി. റെയിൽവേ സ്റ്റേഷനിലെ എയ്ഡ് പോസ്റ്റിൽ പൊലീസ് സാന്നിദ്ധ്യമുള്ളതിനാൽ രാത്രികാലങ്ങളിലാണ് ക്രിമിനൽ സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നത്. ഹോട്ടൽ മതിലിനോട് ചേർന്ന് മഴ നനയാതിരിക്കാൻ താൽക്കാലിക സംവിധാനങ്ങൾ വരെ ഇവർ ഒരുക്കിയിട്ടുണ്ട്. ഹോട്ടൽ ലോബിയിലെയും മറ്റും വിലകൂടിയ സോഫകളും മര ഉരുപ്പടികളും നശിച്ച നിലയിലാണ്.

• ഉടമകൾ പ്രമുഖർ

കേരളത്തിലെ പ്രമുഖ അബ്കാരി കോൺട്രാക്ടറുടെ പി​ൻതലമുറക്കാരാണ് ഹോട്ടൽ ഉടമകൾ. 71 സെന്റ് സ്ഥലത്ത് 10 നിലകളിലായി നിർമ്മിച്ച ഹോട്ടലിൽ 89 മുറികളുണ്ട്. പ്രവർത്തനം ആരംഭിച്ച് മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 10 വർഷം മുമ്പ് പൂട്ടി. ബാങ്ക് ജപ്തി​ ചെയ്തു. ഇപ്പോൾ കൊട്ടക് മഹീന്ദ്രയുടെ കൈവശമാണ്. വി​ല്പനയ്ക്ക് അനുമതി​യായി​ട്ടുണ്ടെങ്കി​ലും നി​യമപ്രശ്നങ്ങൾ ബാക്കി​യാണ്.