ചിരിക്കാത്ത അച്ഛൻ ...
ചിരിപ്പിക്കുന്ന വിനോദ് കെടാമംഗലം പെട്ടെന്ന് ഗൗരവക്കാരനായി.അതും അച്ഛൻ വേഷത്തിൽ. രണ്ടു ആൺമക്കളുടെ അച്ഛൻ. മക്കൾ വിദേശത്ത് കഷ്ടപ്പെടുമ്പോൾ വീട്ടിൽ ടി വി കണ്ട് ജീവിതം ആഘോഷിക്കുന്ന ജോയ് എന്ന അച്ഛൻ കഥാപാത്രം 'വാഴ 2" കണ്ടവരോടൊപ്പം ഇറങ്ങി പോയി. 26 വർഷം നീണ്ട അഭിനയയാത്രയിൽ ലഭിച്ച ബോണസായി 'വാഴ 2" മാറുമ്പോൾ നിറഞ്ഞ ആഹ്ളാദത്തിൽ വിനോദ് സംസാരിച്ചു.
പുതിയ ഓളം എത്രയോ സ്റ്റേജ് പ്രോഗ്രാമും ടിവി ഷോയും ചെയ്തതിനൊപ്പം കുറച്ച് അധികം സിനിമയുടെയും ഭാഗമാകാൻ കഴിഞ്ഞെങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറാൻ സാധിച്ചില്ല. എന്നാൽ 'വാഴ"യിലെ അച്ഛൻ വേഷം ജീവിതത്തിൽ വഴിത്തിരിവായി. ഇതുവരെ കിട്ടാത്ത അംഗീകാരവും തിളക്കവും കാണാൻ സാധിച്ചു. ജീവിതത്തിന്റെ എല്ലാ വികാരങ്ങളെയും ഉൾക്കൊള്ളിക്കുന്ന വലിയൊരു രചനാ വൈഭവം നിറഞ്ഞ സിനിമയാക്കി മാറ്റാൻ തിരക്കഥാകൃത്ത് വിപിൻ ദാസിനും സംവിധായകൻ സവിൻ സയ്ക്കും കഴിഞ്ഞു. എന്റെ ഇൻസ്റ്രഗ്രാമിലും ഫേസ്ബുക്കിലും വെറുക്കപ്പെട്ട അച്ഛന് കമന്റുകൾ വന്നു. എന്നാൽ അതെല്ലാം പോസിറ്റീവായി എടുത്തു. പ്രേക്ഷകർക്ക് അത്രയും വെറുക്കപ്പെടണമെങ്കിൽ കഥാപാത്രത്തെ അവർ നല്ല രീതീയിൽ ഉൾക്കൊണ്ടിട്ടുണ്ടെന്ന് മനസിലായി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മാറ്റിപറഞ്ഞ കമന്റും വന്നു. ദീർഘ വീക്ഷണമുള്ള അച്ഛനാണെന്നും മക്കളെ സ്വയം പര്യാപ്തമാക്കി സംരക്ഷണം കൊടുത്തു എന്നായി കമന്റ്. പ്രേക്ഷകർ എന്റെ കഥാപാത്രത്തെ പല രീതിയിൽ വിലയിരുത്തി എന്നതിൽ ഏറെ സന്തോഷമുണ്ട്. വലിയ ഊർജം ഈ കഥാപാത്രത്തിലൂടെ ലഭിച്ചു. അതിനാൽ ഭാവിയിലും അത് നല്ലൊരു മാറ്രം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പെട്ടെന്ന് ഗൗരവക്കാരൻ മിമിക്രിയും കോമഡി പ്രോഗ്രാമും ചെയ്യുന്ന ആളിൽ നിന്ന് ഗൗരവ കഥാപാത്രത്തിലെത്തിയപ്പോൾ അത് പ്രേക്ഷകർക്കും വലിയ അത്ഭുതമായി. അതിന് 'വാഴ" ടീമിന് നന്ദി പറയുന്നു. കോമഡി നടനായ എന്നെ ഗൗരവ കഥാപാത്രമായി അഭിനയിപ്പിക്കാൻ അവർ ധൈര്യം കാണിച്ചു. 'വാഴ"യുടെ ആദ്യ ഭാഗത്ത്സുഹൃത്തുക്കളായ അസീസ് നെടുമങ്ങാട്,കോട്ടയം നസീർക്ക,നോബി എന്നിവരായിരുന്നു അച്ഛൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. പുതിയ ഒരു നായകന്റെ അച്ഛൻ എന്നേ വിചാരിച്ചുള്ളു. പക്ഷേ ഞാൻ ചിന്തിച്ചതിനപ്പുറം വ്യത്യസ്തമായാണ് കഥാപാത്രത്തെ അവർ എഴുതിവച്ചതും അഭിനയിപ്പിച്ചതും. ലൊക്കേഷനിൽ സവിൻ സ കഥാപാത്രത്തെ കുറിച്ച് പറയുമ്പോഴാണ് കൂടുതൽ വ്യക്തത വരുന്നത്. 'വാഴ"യുടെ പിന്നാലെ എത്തിയ 'പള്ളിചട്ടമ്പി"യിലും മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചു.
ഡ്യൂപ്പല്ലാതെ വന്നു പഠിക്കുന്ന സമയത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മിമിക്രിക്കും കഥാപ്രസംഗത്തിനും ഒന്നാം സ്ഥാനം നേടി. അതിന് ശേഷം എം.ജി സർവകലാശാല കലോത്സവത്തിനും. പിന്നീടങ്ങോട്ട് കലാംരംഗത്ത് സജീവമായി. പ്രൊഫഷണൽ രംഗത്ത് മിമിക്രിയും കഥാപ്രസംഗവും അവതരിപ്പിച്ചു. പല ട്രൂപ്പുകളിൽ മിമിക്രി അവതരിപ്പിക്കാൻ കഴിഞ്ഞു. അതിന് ശേഷം 'സിനിമാല"യിൽ എത്തി. 'സിനിമാല"യിൽ ഏകദേശം 10 വർഷം പ്രവർത്തിച്ചു. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമാനടന്മാരുടെ അപരന്മാർ നായകന്മാരായി വേഷമിട്ട 'ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് "ആണ് ആദ്യ സിനിമ. ഡ്യൂപ്പല്ലാതെ ഞാൻ അഭിനയിച്ചു. 'ക്രേസി ഗോപാലൻ" സിനിമയിലൂടെ ദിലീപേട്ടൻബ്രേക്ക് തന്നു.'പള്ളിചട്ടമ്പി "119 -ാം സിനിമയാണ്. കലാകാരൻ എന്ന നിലയിൽ സ്റ്റേജിലും സിനിമയിലും തിളങ്ങാൻ സാധിച്ചെന്നാണ് വിശ്വാസം. കല തന്നെയാണ് അന്നും ഇന്നും ജീവിതം. കലാകാരൻ എന്ന നിലയിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും അതിൽ നിന്നെല്ലാം കരകയറി വരാൻ സാധിച്ചിട്ടുണ്ട്. ഇന്ന് 'വാഴ"യിലൂടെ സിനിമരംഗത്ത് ഇതുവരെ ഉണ്ടാക്കിയതിനേക്കാൾ ഒരു പുതിയ ഓളം സൃഷ്ടിക്കാൻ കഴിഞ്ഞെന്നാണ് വിശ്വാസം. നോർത്ത് പറവൂരിനടുത്ത് കെടാമംഗലം ആണ് നാട്. ഭാര്യ ദയ . മക്കൾ ദേവിക , കൃഷ്ണദേവ്.