ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണി, പീഡനശ്രമം; ഡോക്ടറിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത ഗ്രേഡ് എസ് ഐ കീഴടങ്ങി

Monday 11 May 2026 3:51 PM IST

കൊച്ചി: ലഹരിക്കേസ് പ്രതിയുടെ ഫോൺ കോൾ ലിസ്റ്റിൽ പേരുണ്ടെന്ന് ഭീഷണിപ്പെടുത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്ന് 1.5 ലക്ഷം തട്ടിയ കേസി​ൽ എറണാകുളം എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എച്ച്. മുജീബ് കീഴടങ്ങി. രണ്ടാഴ്‌ചയായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ എളമക്കര സ്റ്റേഷനിലെത്തി ഇന്നുരാവിലെയാണ് കീഴടങ്ങിയത്. മുജീബിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ സസ്‌പെൻഡ് ചെയ്തിരുന്നു.

ഒരു വനി​താ ഡോക്ടറുടെ പരാതി​യിൽ ഇയാൾക്കെതി​രെ ലൈംഗി​കാതി​ക്രമത്തി​നും നേരത്തേ കേസെടുത്തി​രുന്നു. പത്തനംതിട്ട സ്വദേശിയും 35കാരനുമായ ഡോക്ടറുടെ കൈയിൽ നിന്നാണ് കൊല്ലം സ്വദേശിയായ മുജീബ് പണം തട്ടിയത്.

കഴിഞ്ഞ ഓഗസ്റ്റിൽ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റി​ലായ യുവാവിന്റെ ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ ഡോക്ടറുടെ പേരുണ്ടെന്ന് പറഞ്ഞാണ് മുജീബ് ഭീഷണിപ്പെടുത്തിയത്. ഒരു മാസത്തോളം നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം തട്ടിയെടുത്തെന്ന് ഡോക്ടർ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് നൽകിയ പരാതിയിൽ പറയുന്നു.

മുജീബ് ഇതേ കേസിൽ ഫോണിൽ വിളിച്ച് സമാനമായ ഭീഷണി​ മുഴക്കി​യെന്നും ലൈംഗി​കാവശ്യങ്ങൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടെന്നും​ കഴി​ഞ്ഞ വർഷമാണ് വനി​താ ഡോക്ടർ എറണാകുളം ജില്ലയ്‌ക്ക് പുറത്തുള്ള സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൽ കേസെടുത്ത ശേഷം കൊച്ചി സിറ്റി പൊലീസിന് കൈമാറിയെങ്കിലും കേസുമായി മുന്നോട്ട് പോകാൻ ഇവർ താത്പര്യം കാട്ടിയില്ല. ഇതിനു പിന്നാലെയാണ് 35കാരനായ ഡോക്ടർ പരാതി നൽകിയത്.

ആദ്യ പരാതി ലഭിച്ചപ്പോഴേ അവധിയിലായിരുന്ന മുജീബിനെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. രണ്ടാമത്തെ പരാതിയിൽ കേസെടുത്തതോടെയാണ് ഒളിവിൽ പോയത്. കസ്റ്റഡിയിലുള്ള മുജീബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.