എൽ.പി.ജി കരിഞ്ചന്ത ഗോഡൗണിൽ റെയ്ഡ്, 1762 സിലിണ്ടറുകൾ, 250 എണ്ണം നിറഞ്ഞവ
15 എണ്ണം ഒഴികെയുള്ളവ വാണിജ്യ സിലിണ്ടറുകൾ
കൊല്ലം: നിയമവിരുദ്ധമായി എൽ.പി.ജി സിലിണ്ടറുകൾ ഗോഡൗണിൽ സംഭരിച്ച് വ്യാജ രേഖകളുണ്ടാക്കി കരിഞ്ചന്തയിൽ വൻ വിലയ്ക്ക് വിറ്റുകൊണ്ടിരുന്ന ഗ്യാസ് ഏജൻസി കുടുങ്ങി. മുഖത്തലയ്ക്കും ഡീസന്റ് ജംഗ്ഷനും ഇടയിൽ കണിയാംതോട്ടിലുള്ള ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 1762 സിലിണ്ടറുകൾ പിടിച്ചെടുത്തു. 15 എണ്ണം ഒഴികെയുള്ളവ വാണിജ്യ സിലിണ്ടറുകളാണ്.
ഇതിൽ 250 എണ്ണം നിറ സിലിണ്ടറുകളായിരുന്നു.
പ്രമുഖ പൊതുമേഖല കമ്പനിയുടെ ഡീലറായ ഏജൻസിയുടെ ഗോഡൗണിൽ ഉണ്ടായിരുന്ന സിലിണ്ടറുകളിൽ 75 ശതമാനവും മറ്റ് പൊതുമേഖല കമ്പനികളുടേതായിരുന്നു. സ്വകാര്യ കമ്പനികളുടെ 15 ഗാർഹിക സിലിണ്ടറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഡീലർഷിപ്പ് എടുക്കുന്ന കമ്പനിയുടെ സിലിണ്ടറുകൾ മാത്രമേ വിൽക്കാവൂ എന്നാണ് ചട്ടം. എന്നാൽ മറ്റ് കമ്പനികളുടെയും സിലിണ്ടറുകൾ ഗോഡൗണിൽ സംഭരിച്ച് വില്പന നടത്തി. മറ്റ് ഏജൻസികളുടെ പങ്കാളിത്തത്തോടെ നടന്ന കരിഞ്ചന്തയാണെന്നും സംശയമുണ്ട്.
സിവിൽ സപ്ലൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ.വി. സിന്ധുവിന്റെ നേതൃത്വത്തിൽ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർമാരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. രാവിലെ 11ന് ആരംഭിച്ച പരിശോധന രാത്രി ഏഴിനാണ് അവസാനിച്ചത്. പിടിച്ചെടുത്ത സിലിണ്ടറുകൾ അതത് കമ്പനികളുടെ ഗോഡൗണുകളിലേക്ക് മാറ്റി. കളക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും.
കച്ചവടം 5000 രൂപയ്ക്ക് വരെ
ക്ഷാമം മുതലെടുത്ത് കണിയാംതോട്ടിലെ ഗോഡൗണിൽ നിന്ന് 5000 രൂപയ്ക്ക് വരെയാണ് ഒരു സിലിണ്ടർ വിറ്റിരുന്നതെന്നാണ് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരം. ഹോട്ടലുകളായിരുന്നു പ്രധാന ഉപഭോക്താക്കൾ. ഗ്യാസ് ഏജൻസിയുടെ ലൈസൻസിയായ സ്ത്രീ വിദേശത്താണ്. മറ്റൊരാളാണ് ഏജൻസി നടത്തിക്കൊണ്ടിരുന്നത്. വാണിജ്യ സിലിണ്ടറുകളിലേക്ക് പാചക വാതകം മാറ്റി ഉയർന്ന വിലയ്ക്ക് വിൽക്കാനാണ് ഗാർഹിക സിലിണ്ടറുകൾ സംഭരിച്ചതെന്ന് കരുതുന്നു.
ബില്ല് ഇല്ല, ബുക്കിംഗ് വേണ്ട
പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരെത്തുമ്പോൾ ഒരു ജീവനക്കാരിയും രണ്ടോ മൂന്നോ തൊഴിലാളികളും മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. പാചക വാതക ക്ഷാമം രൂക്ഷമായതോടെ വാണിജ്യ സിലിണ്ടറുകളുടെ നിശ്ചിത ശതമാനം ബുക്കിംഗ് ജില്ലാ സപ്ലൈ ഓഫീസ് മുഖേന ആക്കിയിരുന്നു. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യാതെയും ജില്ലാ സപ്ലൈ ഓഫീസിൽ നിന്നുള്ള അലോട്ട്മെന്റില്ലാതെയുമാണ് ഇവിടെ വില്പന നടത്തിയിരുന്നത്. ഇടപാടുകാർക്ക് വ്യാജ ബില്ലുകളാണ് നൽകിയിരുന്നതെന്നും പരിശോധനയിൽ വ്യക്തമായി.
മറ്റ് സിലിണ്ടറുകൾ എങ്ങനെ?
കണിയാംതോട്ടിലെ ഡീലറായ ഗ്യാസ് കമ്പനിയുടേത് അല്ലാത്ത സിലിണ്ടറുകൾ വൻതോതിൽ ഗോഡൗണിൽ എത്തിയതിനെപ്പറ്റി പൊതുവിതരണ വകുപ്പ് അന്വേഷണം ആരംഭിച്ചു. അവിടെ കണ്ടെത്തിയ മറ്റ് സിലിണ്ടറുകളുടെ കമ്പനി സെയിൽസ് ഓഫീസർമാരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. ഗ്യാസ് ഏജൻസികളിൽ നിന്ന് ഉപഭോക്താക്കളുടെ പേരിൽ വ്യാജ ബില്ല് തയ്യാറാക്കി കടത്തിയതാകാമെന്നാണ് നിഗമനം.