മമ്മൂട്ടി - നിതീഷ് സഹദേവ് ചിത്രത്തിൽ ഹാഷിർ

Friday 15 May 2026 2:05 AM IST

മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാഷിർ. ചിത്രത്തിൽ പ്രധാന വേഷത്തിൽ ആണ് ഹാഷിർ എത്തുന്നത്. വാഴ 2 എന്ന ചിത്രത്തിലൂടെ ഏറെ ആരാധകരെ നേടിയ താരം ആണ് ഹാഷിർ. അൽഫോൻസ് പുത്രൻ ആണ് മറ്റൊരു പ്രധാന താരം. ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ നാടൻ ചട്ടമ്പിയായി മമ്മൂട്ടി എത്തുന്നു എന്നാണ് വിവരം. കേരള- തമിഴ് നാട് അതിർത്തിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ പറയുന്ന ചിത്രത്തിന് നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന. വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രത്തിൽ ഒന്നായിരിക്കും. ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവ് ഒരുക്കിയ തലൈവർ തമ്പി തലൈയിൽ തമിഴിൽ വൻവിജയം നേടി. നിതീഷ് സഹദേവിന്റെ തമിഴ് അരങ്ങേറ്റ ചിത്രത്തിൽ ജീവ ആയിരുന്നു നായകൻ.

അതേസമയം ബ്ലോക് ബസ്റ്ററായ അമരന് ശേഷം രാജ്കുമാർ പെരിയ സാമി രചനയും സംവിധാനവും നിർവഹിക്കുന്ന ധനുഷ്- മമ്മൂട്ടി ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അടുത്ത ദിവസം ആരംഭിക്കും. ധനുഷും നായികമാരിലൊരാളായ ശ്രീ ലീലയും പങ്കെടുക്കുന്ന ഗാന രംഗമാണ് പുതിയ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നതെന്നാണ് വിവരം.സംഗീതസംവിധായകൻ സായ് അഭ്യങ്കർ ഈ ചിത്രത്തിനായി ഇതിനകം 2 പാട്ടുകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഈ ചിത്രത്തിൽ മമ്മൂട്ടി വളരെ വ്യത്യസ്തവും പുതുമയുമുള്ള ലുക്കിൽ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. ഈ സ്പൈ ആക്ഷൻ ത്രില്ലറിലെ മറ്റൊരു നായിക സായി പല്ലവിയാണ്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിർമ്മിക്കുന്നത്.