പ്രതികൂല കാലാവസ്ഥ: ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം നിലച്ചു

Friday 15 May 2026 12:35 AM IST
ലക്ഷദ്വീപിലേക്ക് ഈ സീസണിലെ അവസാന യാത്രക്കായി ഉരുക്കളിൽ ചരക്കുകൾ നിറക്കുന്നു

ബേപ്പൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബേപ്പൂർ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്ക് ഉരു വഴിയുള്ള ചരക്കുനീക്കത്തിന് ഇന്നുമുതൽ നിരോധനം. സപ്തംബർ 15 വരെ നീണ്ടുനിൽക്കുന്ന നിരോധനം വരുന്നതോടെ ലക്ഷദ്വീപ് സമൂഹങ്ങളിലും ബേപ്പൂർ തുറമുഖത്തും വരിക വറുതിയുടെ കാലം. സാഗർ സാമ്രാട്ട്, സാഗർ യുവരാജ് , ഗംഗ എന്നീ ചരക്കുകപ്പലുകൾ വഴി മാത്രമാണ് ഇനി ലക്ഷദ്വീപിലേക്ക് അവശ്യ വസ്തുക്കൾ എത്തുക. ജയ് ഗണേശ്, ഇൻഫന്റ് ജീസസ്, ദ്വീപ് ദർശൻ, സവാലി ടോക്ക് ലി , ബിസ്മി, ആദേശ്, മറെറൻ ലൈൻ, സർക്കാർ, ബൈദുഷ, മൗല, ജീസസ് ഹാർട്ട്, സരസ്വതി ,ബരിയ, ആർവിൻ, കറുപ്പ് മുത്തമൻ എന്നിങ്ങനെ 20 ഓളം ഉരുക്കളാണ് ലക്ഷദ്വീപിലേക്ക് ചരക്കുമായി യാത്ര പുറപ്പെടാറുള്ളത്. ഒരു സീസണിൽ എട്ടു മാസക്കാലയളവിൽ ഉരുക്കൾ വഴി ചരക്കുമായി 500 ഓളം യാത്രകളാണ് ലക്ഷദ്വീപിലേക്ക് നടക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രക്കായി ഇന്നലെ ചരക്കുകൾ നിറച്ച് ആദേശ്, മറെറൻ ലൈൻ എന്നി രണ്ട് ഉരുക്കൾ തയ്യാറായിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ യാത്ര നടക്കുമോ എന്ന സംശയത്തിലാണ്.