നിയമസഭാ കക്ഷിയോഗം, സതീശന് ഐക്യകണ്ഠേന അംഗീകാരം

Friday 15 May 2026 1:39 AM IST

 വിട്ടുനിന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ പ്രത്യേക ഹാളിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വി.ഡി. സതീശനെ ഐക്യകണ്ഠേന നേതാവായി തിരഞ്ഞെടുത്തു. യോഗത്തിൽ രമേശ് ചെന്നിത്തലയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. വിജയിച്ച മറ്റ് 61 പാർട്ടി അംഗങ്ങളും പങ്കെടുത്തു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയും എത്തിയില്ല.

മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിനു പിറകേ ചെന്നിത്തല ഗുരുവായൂർ ദർശനത്തിന് പോയിരുന്നു. യോഗത്തിൽ പങ്കെടുക്കാനാവില്ലെന്നും പൂർണ പിന്തുണയുണ്ടെന്നുമുള്ള കത്ത് വി.ഡി.സതീശനും പാർട്ടി സംസ്ഥാന പ്രസിഡന്റിനും കൊടുത്തുവിട്ടു. ജ്യോതികുമാർ ചാമക്കാല, ടി.ജെ.വിനോദ്, അൻവർ സാദത്ത് എന്നീ നിയുക്ത എം.എൽ.എ.മാരാ‌ർ ചേ‌‌ർന്നാണ് ചെന്നിത്തലയുടെ കത്ത് കൈമാറിയത്.

ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലെത്തിയ ദീപാദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക് തുടങ്ങിയവരും സന്നിഹിതരായിരുന്നു. വി.ഡി.സതീശനെ നേതാവായി തിരഞ്ഞെടുക്കുന്ന പ്രമേയം കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ചു. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. യോഗം എതിരില്ലാതെ പാസാക്കി.

നിയമസഭാ മന്ദിരത്തിന് മുന്നിൽ പുതിയ സർക്കാരിന് അഭിവാദ്യം അർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു. സഭാ മന്ദിരത്തിന് മുന്നിലേക്ക് ആഹ്ളാദ പ്രകടനവും നടത്തി. വൈകിട്ട് നാലിന് നിശ്ചയിച്ചിരുന്ന നിയമസഭാ കക്ഷിയോഗം ആറരയ്ക്കാണ് ചേർന്നത്.