ബി. അശോകും എൻ. പ്രശാന്തും സെക്രട്ടേറിയറ്റിൽ തിരിച്ചെത്തും

Thursday 14 May 2026 11:54 PM IST

തിരുവനന്തപുരം: വി.‌ഡി.സതീശൻ അധികാരമേൽക്കുന്നതോടെ ഐ.എ.എസ് തലത്തിൽ വിപുലമായ അഴിച്ചുപണിയുണ്ടാകും. എൽ.ഡി.എഫ് സർക്കാർ സസ്പെൻഡ് ചെയ്ത പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെയും സെക്രട്ടറി

എൻ. പ്രശാന്തിനെയും സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കും. മുഖ്യമന്ത്രിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയതെന്നതിനാൽ മന്ത്രിസഭയിൽ വയ്ക്കാതെ വി.ഡി. സതീശന് ഈ ഉത്തരവുകൾ റദ്ദാക്കാനാവും. ഇടത് സർക്കാരിനെതിരേ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിനാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

ജൂൺവരെ കാലാവധിയുള്ള ചീഫ്സെക്രട്ടറി എ.ജയതിലകിനെ മാറ്റാനിടയില്ല. അദ്ദേഹം വിരമിക്കുമ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള, 1989 ബാച്ചുകാരനായ മനോജ് ജോഷിക്ക് സാദ്ധ്യതയുണ്ട്. പക്ഷേ,​ അദ്ദേഹത്തിന് ഏതാനും മാസങ്ങൾ മാത്രമേ സർവീസ് അവശേഷിക്കുന്നുള്ളൂ. സീനിയറായ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ചീഫ്സെക്രട്ടറിയാക്കാൻ സാദ്ധ്യത കുറവാണ്. സിൻഹയുടെ അതേ ബാച്ചിൽപ്പെട്ട സഞ്ജീവ് കൗശിക് കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്നുണ്ട്. സിൻഹയെ ആഭ്യന്തര വകുപ്പിൽ നിന്ന് മാറ്റാനുമിടയുണ്ട്. പല വകുപ്പ് സെക്രട്ടറിമാർക്കും സ്ഥാനചലനമുണ്ടാകും. കളക്ടർമാരെയും മാറ്റിയേക്കും. എക്സൈസ് കമ്മിഷണറായി ഐ.എ.എസുദ്യോഗസ്ഥനെ നിയമിക്കും. ഐ.എ.എസ് കേഡർ തസ്തികയായ ഇതിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുണ്ട്.