'ജെൻസി'യുടെ സ്വന്തം വി.ഡി.എസ് 

Friday 15 May 2026 1:55 AM IST

കൊച്ചി: വി.ഡി.സതീശനെ 'ജെൻസി"യുടെ ആവേശമാക്കി മാറ്റിയത് ഉരുളയ്ക്ക് ഉപ്പേരി പോലെ നൽകുന്ന ഉത്തരങ്ങളാണ്. തേവര എസ്.എച്ച് കോളേജിലെ പഠനകാലത്ത് സംവാദങ്ങളിലും പ്രസംഗങ്ങളിലും പയറ്റിത്തെളിഞ്ഞ വി.ഡി.എസ് എന്നും വിദ്യാർത്ഥികളുടെ ഹൃദയപക്ഷത്തായിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും മുനവച്ച ചോദ്യങ്ങളെ മൂർച്ചയേറിയ ഉത്തരങ്ങളും മറുചോദ്യങ്ങളുമായി വെട്ടിവീഴ്‌ത്തുന്ന വഴക്കത്തിനു ഇന്നും കുറവില്ല. പരന്ന വായനയും ആഴത്തിലുള്ള പഠനവും ആവനാഴിയിൽ വാഗ്‌ശരങ്ങൾ നിറച്ചപ്പോൾ എതിരാളികൾ നിഷ്പ്രഭരായി. ബഡ്ജറ്റ് ചർച്ചാവേളയിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനോട് ഉൾപ്പെടെ കൊമ്പുകോർത്തപ്പോൾ രാഷ്ട്രീയകേരളം ഇതു തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായി വിജയനെപ്പോലും നേരിട്ടുള്ള സംവാദത്തിനു വെല്ലുവിളിച്ച് ചങ്കൂറ്റം കാട്ടി.

നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുകയും കൂടെ നിൽക്കുന്നവരെ ചേർത്തുനിറുത്തുകയും ചെയ്യുന്ന സതീശനിലേക്ക് മുഖ്യമന്ത്രിപദവി എത്തണമെന്നായിരുന്നു 'ജെൻസി" വോട്ടർമാരുടെ ആഗ്രഹം. പാർട്ടിയിലെ യുവനിരയും ഗ്രൂപ്പിനതീതമായ സ്വീകാര്യതയും ജനപിന്തുണയും ഒരുമിച്ചപ്പോൾ ഹൈക്കമാൻഡിനു മറ്റൊരു തീരുമാനം എടുക്കാനായില്ല. ഇരു ചക്ര വാഹനങ്ങൾ താത്പര്യാനുസരണം

യുവ തലമുറ നവീകരിക്കുന്നതിനെ സതീശൻ പിന്തുണച്ചത് ജെൻസി ആവേശത്തോടെയാണ് സ്വീകരിച്ചത്.കുട്ടികൾ അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ.അപകടം ഉണ്ടാക്കാതിരുന്നാൽ മതിയെന്ന സതീശന്റെ സംഭാഷണം വൈറലായിരുന്നു.

തൂക്കുസഭ, കഷ്ടിച്ച് ഭൂരിപക്ഷം, ദയനീയ പരാജയം എന്നീ വിലയിരുത്തലുകളെ കടപുഴക്കി ഇടതുപക്ഷത്തെ തൂത്തെറിയുകയും ബി.ജെ.പിയെ മൂന്നു സീറ്റിൽ ഒതുക്കുകയും ചെയ്തിട്ടും മുഖ്യമന്ത്രിചർച്ച നീണ്ടത് ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നതാണ് വസ്തുത. ന്യൂഡൽഹിയിൽ വി.‌ഡി.സതീശനു ലഭിച്ച ആവേശകരമായ വരവേല്പ് എല്ലാത്തിനുമുള്ള ഉത്തരമായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങളും പിന്തുണ വ്യക്തമാക്കുന്ന മറ്റൊരു പേര് ഉയരാതിരുന്നതും ജെൻസിയുടെ വികാരം ബോദ്ധ്യപ്പെടുത്തി. കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ആറുമാസത്തിനകം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഫലം മറിച്ചായിരിക്കുമെന്നു പരസ്യമായി പറയാനും പലരും മടിച്ചില്ല. രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് വി.ഡി.എസിനു ലഭിച്ചത്.