ഒരേ വളപ്പിൽ 5 വീട്; സതീശന് സ്ഥലം ഒഴിച്ചിട്ട് സഹോദരങ്ങൾ
കൊച്ചി: മരട് നഗരസഭയിൽ നെട്ടൂർ വെസ്റ്റിലെ വടശേരി വീട്ടിൽ ദാമോദരന്റെ ആറുമക്കളിൽ അഞ്ചുപേരും ഒരേ വളപ്പിൽത്തന്നെ വീടുകൾ നിർമ്മിച്ചാണ് താമസം. നാലാമൻ വി.ഡി.സതീശനു വീടിനായി സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. പറവൂരിൽ വീടുള്ള സതീശൻ താമസിക്കുന്നത് ആലുവ ദേശത്തെ 'ദേവകി" വീട്ടിലാണ്.
നെട്ടൂർ വടശേരി വീട്ടിൽ കെ.ദാമോദര മേനോന്റെയും വി.വിലാസിനി അമ്മയുടെയും നാലാമത്തെ മകനാണ് വി.ഡി.സതീശൻ. വനംവകുപ്പിൽ ഡിപ്പോ ഓഫീസറായിരുന്നു ദാമോദരൻ. വിലാസിനി വീട്ടമ്മയും. 1998ൽ അച്ഛനും 2000ൽ അമ്മയും മരിച്ചു. വിദേശത്ത് ദീർഘകാലം റിഗ്ഗിൽ ജോലി ചെയ്ത ഉണ്ണികൃഷ്ണൻ, ബിസിനസുകാരനായ മനോഹരൻ, സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വിരമിച്ച രാജശേഖരൻ എന്നിവരാണ് ജ്യേഷ്ഠന്മാർ. ബിസനസുകാരൻ അജയകുമാറാണ് അനുജൻ. ഏറ്റവും ഇളയ സഹോദരി ആശ അദ്ധ്യാപികയായി വിരമിച്ചു.
പഴയ തറവാട് പൊളിച്ച് ഒരേ വളപ്പിൽ സഹോദരങ്ങൾ നാലുവീടുകൾ നിർമ്മിച്ചു. അവിവാഹിതനായ അജയകുമാർ അനുജത്തി ആശയുടെ വീട്ടിലാണ് താമസം. സഹോദരങ്ങളെ കാണാൻ സതീശൻ ഇടയ്ക്കിടെ എത്തും. കഴിഞ്ഞ വിഷുവിനാണ് ഒടുവിൽ എത്തിയത്. ഭാര്യയും മക്കളുമൊത്ത് വിഷു ആഘോഷിച്ച് മടങ്ങിയതായി അജയകുമാർ 'കേരളകൗമുദി"യോട് പറഞ്ഞു. പറവൂരിലെ വീടായ 'ദേവരാഗം" ഓഫീസായി പ്രവർത്തിക്കുന്നു.
ആദ്യം പെണ്ണുകണ്ടയാളെ ജീവിതസഖിയാക്കി
ആലുവ ദേശം ദേവകി വീട്ടിൽ വേലായുധൻകുട്ടിയുടെയും രമാദേവിയുടെയും മകൾ ആർ.ലക്ഷ്മിപ്രിയയാണ് സതീശന്റെ ഭാര്യ. ആദ്യമായി പെണ്ണുകണ്ട ലക്ഷ്മിപ്രിയയെ ജീവിതസഖിയാക്കുകയായിരുന്നു. പലരും വന്നെങ്കിലും തന്നെ ആദ്യം ഇഷ്ടപ്പെട്ടയാളാണ് സതീശനെന്ന് ലക്ഷ്മിപ്രിയ പറയുന്നു. മകൾ ഉണ്ണിമായ ബംഗളൂരുവിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ളീഷ് സാഹിത്യത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്.