ഇഷ്ടം വനയാത്ര; വായന, യാത്ര പ്രിയങ്കരം

Friday 15 May 2026 12:21 AM IST

കൊച്ചി: രാഷ്ട്രീയത്തിരക്കിനിടയിലും സമയം കിട്ടിയാൽ വി.ഡി.സതീശൻ കാടും മലകളും കയറും. വനവാസത്തിനല്ല, കാടിനെയും പ്രകൃതിയെയും അറിയാനും കുളിർമ്മ അനുഭവിക്കാനും. യാത്രകൾ, പുസ്തക വായന എന്നിവയാണ് പ്രധാന ഹോബികൾ.

പുസ്‌തകവായനയും പ്രിയങ്കരമാണ്. മലയാളം, ഇംഗ്ളീഷ് പുസ്‌തകങ്ങൾ വായിക്കും. സാഹിത്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് ഭൂരിഭാഗം വായനയും. അടുപ്പക്കാർ എഴുതിയ പുസ്തകമാണെങ്കിൽ വായിച്ച് അഭിപ്രായവും വിമർശനവും നിർബന്ധമായും അറിയിക്കും.

ദക്ഷിണേന്ത്യയില പ്രധാന കാടുകളെല്ലാം സതീശൻ കയറിയിട്ടുണ്ട്. അതൊരു ഹരമാണെന്നാണ് അദ്ദേഹം പറയുന്നത്. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമാണ് യാത്ര. കാട്ടിലൂടെ മലകൾ കയറിയിറങ്ങി നടക്കും. മൃഗങ്ങൾക്ക് മുന്നിൽപ്പെട്ട സന്ദർഭങ്ങളുമുണ്ട്. ഒരിക്കൽ മകൾക്കൊപ്പം കാട്ടുയാത്രയ്‌ക്കിടെ ആനയുടെ മുന്നിൽപ്പെട്ടിട്ടുണ്ട്. അന്ന് അപായമില്ലാതെ മടങ്ങി.

കേരളത്തിലെ കാടുകളിൽ അനുവദനീയമായ മേഖലകളിലെല്ലാം സതീശൻ ട്രെക്കിംഗ് നടത്തിയിട്ടുണ്ട്. കാട്ടിലൂടെയുള്ള യാത്ര വലിയ ഊർജവും ഉണർവും നൽകുമെന്ന് അദ്ദേഹം പറയുന്നു. പ്രതിപക്ഷ നേതാവായതിനു ശേഷമാണ് ട്രെക്കിംഗുകൾ കുറഞ്ഞത്. വോട്ടെടുപ്പ് കഴിഞ്ഞ് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് ഏതാനും ദിവസം കഴിഞ്ഞിരുന്നു. അവിടെ തോട്ടങ്ങളിലും കുന്നുകളിലും നടക്കുകയും ചെയ്‌തു. 'വനവാസം" എന്ന റിസോർട്ടും ഉദ്ഘാടനം ചെയ്‌താണ് സതീശൻ മടങ്ങിയത്.