ക്ളാസ് ഫോർ ജീവനക്കാരുടെ വായ്പ തിരിച്ചടവിൽ ഇളവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവ്വീസിലുള്ള എല്ലാ ക്ലാസ് ഫോർ കണ്ടിജന്റ് വർക്ക് എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാരുടെയും ശമ്പളത്തിൽ നിന്നു സർക്കാരിലേക്കുള്ള വായ്പയുടെയും മുൻകുറിന്റെയും മുതലിനത്തിലുള്ളതും പലിശയിനത്തിലുള്ളതുമായ മേയ് മാസത്തെ തിരിച്ചടവ് മാറ്റി വയ്ക്കാൻ സർക്കാർ ഉത്തരവിറക്കി. മാറ്റി വച്ച ഗഡുക്കളുടെ തിരിച്ചടവ് 5 തുല്യ ഗഡുക്കളായി ജൂലായ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലെ ശമ്പളത്തിൽ നിന്ന് ഈടാക്കും.
ഇതിൽ വീഴ്ച വരുത്തിയാൽ തുക ഒറ്റത്തവണയായി പിഴ പലിശയോടുകൂടി ഈടാക്കും. തിരിച്ചടവിന് വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ശമ്പള ബില്ലുകൾ ട്രഷറി ഓഫീസർ അംഗീകരിക്കേണ്ടതില്ലെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സർക്കാരിന്റെ ശമ്പളം കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് വാങ്ങുന്ന എല്ലാ എയ്ഡഡ് സ്കൂളുകളിലെയും പ്രൈവറ്റ് കോളേജിലെയും ജീവനക്കാർക്കും ഇത് ബാധകമാണ്.