കണ്ണേ​ കരളേ വി.ഡി.എസേ

Friday 15 May 2026 2:29 AM IST

തിരുവനന്തപുരം: ആലുവ ദേശംകവലയിലെ 'ദേവകി' യിൽ നിന്ന് ഇന്നലെ രാവിലെ ഏഴരയോടെയാണ് വി.ഡി.സതീശൻ തലസ്ഥാനത്തേക്ക് തിരിച്ചത്. മകൾ ഉണ്ണിമായ ഒപ്പം.

ഡൽഹിയിൽ പ്രഖ്യാപനത്തിന് മുൻപ് കെ.സിയുമായി രാഹുൽഗാന്ധിയുടെ കൂടിക്കാഴ്ചാ വിവരം വാഹനത്തിലിരുന്നാണ് സതീശൻ അറിഞ്ഞത്. യാത്രയ്ക്കിടെ നേതാക്കന്മാർ പലരും ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുണ്ടായിരുന്നു.

പതിനൊന്നേ മുക്കാലോടെ വി.ഡി.സതീശൻ കന്റോൺമെന്റ് ഹൗസിൽ എത്തിയപ്പോൾ പ്രവർത്തകരും നേതാക്കളും മാദ്ധ്യമ പ്രവർത്തകരും വളഞ്ഞു. സതീശനാണ് മുഖ്യമന്ത്രിയെന്ന വിവരം അപ്പോഴേക്കും പുറത്തുവന്നിരുന്നു. എല്ലാവരെയും കണ്ട് അഭിവാദ്യം ചെയ്തശേഷം സതീശൻ വീട്ടിലേക്ക് കയറി.

12ന് ദീപാദാസ് മുൻഷിയുടെ വാർത്താസമ്മേളനം തുടങ്ങിയപ്പോൾ പുറത്തെ ഹാളിലെ ടി.വിക്ക് മുന്നിൽ പ്രവർത്തകർ ഒത്തുകൂടി. മുഖ്യമന്ത്രിയായി സതീശന്റെ പേര് പ്രഖ്യാപിച്ചതോടെ മുദ്രാവാക്യം വിളികളുയർന്നു. ''കണ്ണേ.. കരളേ ..വി.ഡി.എസേ ... ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ .....,കേരള മുഖ്യന് അഭിവാദ്യങ്ങൾ.." നിമിഷങ്ങൾക്കകം കന്റോൺമെന്റ് ഹൗസിന്റെ മുറ്റമാകെ പ്രവർത്തകരെയും നേതാക്കളെയും കൊണ്ടു നിറഞ്ഞു. ഇതിനിടെ നിയുക്ത എം.എൽ.എമാരായ വി.ടി.ബൽറാം, എൻ.ശക്തൻ, ഷാനിമോൾ ഉസ്‌മാൻ, മുഹമ്മദ് ഷിയാസ് തുടങ്ങിയവരെത്തി അഭിനന്ദനം അറിയിച്ചു. പന്ത്രണ്ടേ മുക്കാലോടെ മാദ്ധ്യമങ്ങളെ കാണാൻ സതീശനെത്തി. കോൺഗ്രസ് പ്രവർത്തകർ പൊതിഞ്ഞതോടെ മാദ്ധ്യമപ്രവർത്തകർക്ക് പത്രസമ്മേളനം നടക്കുന്ന ഹാളിലേക്ക് കടക്കാനായില്ല. പൊലീസുകാർ ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ മാറ്റിയത്.

പത്രസമ്മേളനം കഴിഞ്ഞപ്പോൾ ലഡു വിതരണം ചെയ്ത് നിയുക്ത എം.എൽ.എമാർ സന്തോഷം പങ്കുവച്ചു. എൻ.ജി.ഒ അസോസിയേഷൻ, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നേതാക്കളും എത്തിയിരുന്നു. 'ചോര തരാം.. നീര് തരാം.."എന്നിങ്ങനെ ആവേശോജ്വലമായിരുന്നു ഇവരുടെ മുദ്രാവാക്യം. നിയുക്ത എം.എൽ.എമാരായ എം.വിൻസന്റ്, അനൂപ് ജേക്കബ്, സി.പി.ജോൺ,മാണി സി.കാപ്പൻ, ഘടകകക്ഷി നേതാക്കൾ,​ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ എന്നിവരും ആശംസയർപ്പിക്കാനെത്തി. ഓരോരുത്തരെയും ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും സതീശൻ സ്വീകരിച്ചു. രാത്രി വൈകുവോളം നേതാക്കളുടെയും പ്രവർത്തകരുടെയും തിരക്കായിരുന്നു കന്റോൺമെന്റ് ഹൗസിൽ.