'എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. അതിരില്ലാത്ത ആകാശത്തിൽ കൊതി തീരുവോളം പറന്ന് പൊങ്ങണം'
ആയിഷ കണ്ടിരുന്ന സ്വപ്നങ്ങളിലെല്ലാം ആകാശമുണ്ടായിരുന്നു. മഴവില്ല് പോലെ പല നിറങ്ങളിൽ ആകാശം കാണാമല്ലോ എന്നോർത്തു സന്തോഷിച്ചാണ് ഓരോ രാത്രിയിലും അവൾ ഉറങ്ങാൻ കിടന്നിരുന്നത്. ഉയരെ പറക്കുന്ന വിമാനങ്ങളും നീളൻനൂലിൽ പറന്നുപൊങ്ങുന്ന പട്ടങ്ങളുമെല്ലാം ആ കുഞ്ഞിക്കണ്ണുകളിൽ കൗതുകമുണർത്തി. വളർന്നുവലുതാകുമ്പോൾ ആ ഉയരം കീഴടക്കണമെന്നായി പിന്നീടുള്ള ചിന്ത. പക്ഷേ, അവിടേക്കുള്ള ആയിഷയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും ഉപ്പുകലർന്നിട്ടുണ്ട് ആ ചുവടുകളിലോരോന്നിലും.
വർഷങ്ങൾക്കിപ്പുറം ആയിഷ ഇപ്പോൾ ആദം ഹാരിയാണ്. ജനിച്ചുവീണ പെൺശരീരത്തിൽ നിന്നും താൻ സ്വപ്നം കണ്ട പുരുഷ സ്വത്വത്തിലേക്കുള്ള മാറ്റം. അതോടൊപ്പം ആകാശം കീഴടക്കുക എന്ന ആ പഴയ സ്വപ്നത്തെയും അവൻ സ്വന്തമാക്കി. രാജ്യത്തെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റെന്ന അഭിമാനനേട്ടത്തിലാണിപ്പോൾ ആദം ഹാരി. നിശ്ചയദാർഢ്യവും മനഃക്കരുത്തുമാണ് ഇതുവരെ കുടിച്ചു തീർത്ത കയ്പ്പുനീരിനെ അതിജീവിക്കാനുള്ള ഊർജം അവന് നൽകിയത്. ഇരുപതാമത്തെ വയസിൽ സ്വപ്നങ്ങളുടെ ചിറക് വിരിച്ച് അതിരുകളില്ലാത്ത നീലാകാശത്ത് പറന്നുയരുകയാണ് അവൻ.
''ഇതെന്റെ പുതിയ ജന്മമാണ്. സ്വപ്നം കണ്ടതൊക്കെ എന്നെ തേടിയെത്തുന്നു. വിമാനം പറത്താനുള്ള സ്വകാര്യ ലൈസൻസ് ഞാൻ നേടിയിട്ടുണ്ട്. ഇനി വേണ്ടത് കൊമേഴ്സ്യൽ ലൈസൻസാണ്. അതിന് വേണ്ട എല്ലാ സഹായവും കേരള സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ മനസിൽ നിറയെ അഭിമാനവും സന്തോഷവുമാണുള്ളത്. പഴയജന്മത്തെ കുറിച്ച് ഓർക്കുമ്പോൾ സന്തോഷിച്ചിരുന്ന ഒരു നിമിഷം പോലുമുണ്ടായിട്ടില്ല, അത്ര വേദനകളുടെ കാലമായിരുന്നു അത്. പലയിടങ്ങളിൽ നിന്നും ഉപദ്രവമേറ്റിറ്റുണ്ട്, പഴി കേട്ടിട്ടുണ്ട്, ആട്ടി പുറത്താക്കിയിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്.. ആത്മഹത്യയല്ലാതെ മറ്റൊന്നും മുന്നിൽ ഇല്ലാതിരുന്ന നാളുകൾ. പക്ഷേ, അന്നത്തെ മോശം അനുഭവങ്ങളാണ് എന്നെ ഞാനാക്കിയത്. ഇനി ഞാൻ തളരില്ല...ഈ ലോകം എന്റേതും കൂടിയാണ്... " ആദം പറയുന്നു.
അന്ന് ഞാൻ ആയിഷയായിരുന്നു ചെറുപ്പം മുതലേ ആൺകുട്ടികളെ പോലെയായിരുന്നു ആയിഷയുടെ രീതികൾ. നടപ്പും ഇരിപ്പും ഇഷ്ടങ്ങളുമെല്ലാം ആൺകുട്ടികളെ പോലെ. ഹൈസ്കൂൾ കാലത്താണ് പെൺശരീരവുമായി പിറന്ന ആൺകുട്ടിയാണ് താനെന്ന് ആയിഷ തിരിച്ചറിയുന്നത്. കൂടെയുള്ള പെൺകുട്ടികളേക്കാൾ അവൾ ഇഷ്ടപ്പെട്ടിരുന്നത് ആൺകുട്ടികളോട് കൂട്ടുകൂടാനായിരുന്നു. ഫുട്ബാളും ക്രിക്കറ്റും കളിക്കാൻ ഇഷ്ടപ്പെട്ടു. അവരെ പോലെ മുടി വെട്ടാനും അവർ ധരിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും നിർബന്ധം പിടിച്ചു. അതിനെല്ലാം വീട്ടിൽ നിന്നും സ്കൂളിൽ നിന്നും കളിയാക്കലുകളും ഒറ്റപ്പെടുത്തലും അവഗണനയുമായിരുന്നു തിരിച്ച് കിട്ടിയത്.
''ഞാനെന്താണ് ഇങ്ങനെയെന്ന് പലപ്പോഴും എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. ആദ്യമായി ആർത്തവം സംഭവിക്കുന്ന സമയത്ത് വല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്. പിന്നീട് കളിക്കാൻ പോണ്ട, ആൺകുട്ടികളുമായി കൂട്ട് വേണ്ട എന്നൊക്കെ വീട്ടിൽ നിന്ന് നിബന്ധനകൾ വന്നു തുടങ്ങി. വസ്ത്രധാരണത്തിലുൾപ്പെടെ നിയന്ത്രണങ്ങൾ വന്നപ്പോൾ അതൊന്നും എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. ആ സമയത്ത് വിഷാദരോഗത്തിലായി. ശരീരത്തിലുണ്ടാകുന്ന ഓരോ മാറ്റവും വേണ്ടെന്ന് മനസ് പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് പക്ഷേ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. മാറിടം വളർന്ന് തുടങ്ങിയപ്പോൾ അതൊളിപ്പിച്ച് വയ്ക്കാൻ ഒരുപാട് ശ്രമിച്ചു.
അതിന് കടുത്ത വേദന സഹിച്ച് വീട്ടിലുണ്ടായിരുന്ന ബെൽറ്റ് വലിച്ച് മുറുക്കിക്കെട്ടി നെഞ്ച് ഫ്ലാറ്റാക്കിയിട്ടുണ്ട്. എത്രയോ രാത്രിയിൽ ഉറങ്ങാതിരുന്ന് കരഞ്ഞിട്ടുണ്ട്. നടത്തത്തിൽ പോലും പ്രകടമായ മാറ്റം വരുത്താൻ ശ്രമിച്ചു. ഇതൊന്നും തന്നെ എളുപ്പമായിരുന്നില്ല, ശാശ്വതമായ പരിഹാരവും ഉണ്ടായിരുന്നില്ല. എത്രയൊക്കെ ഒളിപ്പിച്ച് വച്ചെങ്കിലും ഇടയ്ക്കെല്ലാം എന്നിലെ ആൺകുട്ടി പുറത്തു വന്നു. അതിനൊക്കെ വീട്ടിൽ നിന്ന് ഒരുപാട് അടി കിട്ടിയിട്ടുണ്ട്. പുറത്തിറക്കാതെ വീട്ടിൽ പൂട്ടിയിട്ടിട്ടുണ്ട്. അദ്ധ്യാപകരൊക്കെ വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്, ഇവൾക്ക് എന്തോ പ്രശ്നമുണ്ടെന്ന്. അന്ന് എന്നെ കേൾക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഞാനൊരു ട്രാൻസ് മെൻ ആണെന്ന് അറിഞ്ഞത്. ആദ്യം വിഷമം തോന്നിയെങ്കിലും ഇതെന്റെ പ്രശ്നം കൊണ്ട് സംഭവിച്ചതല്ലെന്ന് പറഞ്ഞ് സ്വയം ബോദ്ധ്യപ്പെടുത്തി. ഇതുപോലുള്ള ഒരുപാട് പേർ ഈ സമൂഹത്തിലുണ്ടെന്നും പതുക്കെ അറിഞ്ഞു. അതെനിക്ക് വലിയൊരു തിരിച്ചറിവായിരുന്നു. "
ആയിഷ പതിയെ ആദമാകുന്നു പ്ലസ് ടു പഠനം കഴിഞ്ഞപ്പോഴാണ് ആയിഷയുടെ ജീവിതവും മാറി തുടങ്ങിയത്. വിജയിക്കണമെന്ന ലക്ഷ്യത്തിന് കൂട്ടു പിടിച്ചത് പഴയ ആ ആകാശസ്വപ്നത്തെയായിരുന്നു. അങ്ങനെയാണ് പൈലറ്റ് പഠനത്തിന് ചേരണമെന്ന് വീട്ടിൽ പറയുന്നത്. ആദ്യം എതിർത്തെങ്കിലും പിന്നീട് ആ എതിർപ്പ് സമ്മതത്തിലേക്ക് വഴിമാറി. ''ജൊഹന്നാസ് ബർഗിലായിരുന്നു അഡ്മിഷൻ കിട്ടിയത്. പഠനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഞാൻ പഴയ ആയിഷ ആകുമെന്ന് കരുതിയതുകൊണ്ടാകാം ഇല്ലാത്ത പൈസയൊക്കെ ലോണെടുത്ത് പഠിപ്പിക്കാൻ അവർ തീരുമാനിച്ചത്. അവിടെ ചെന്നപ്പോൾ ആദ്യം ചെയ്തത് എന്റെ ഇഷ്ടങ്ങളെ പിന്തുടരുക എന്നതായിരുന്നു. ആൺകുട്ടികൾ ധരിക്കുന്ന വസ്ത്രത്തിലേക്ക് മാറിയതാണ് ആദ്യ ചുവട് വയ്പ്പ്. പിന്നീട് മുടി മുറിച്ചു. സ്വാതന്ത്യ്രത്തിന്റെ ആദ്യ പടിയായിരുന്നു എനിക്കത്. അക്കാലത്ത് ഫേസ്ബുക്കിൽ കുറച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ വന്നത് വീട്ടിലും നാട്ടിലുമൊക്കെ വലിയ വിഷയമായി. ഞാൻ ആണായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വീട്ടിൽ അറിയിച്ചപ്പോൾ അവർക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതോടെ വീട്ടിലേക്ക് വരാൻ അനുനയിപ്പിച്ചു. പക്ഷേ ചെന്നപ്പോഴേക്കും സ്ഥിതിയാകെ മാറി. ഒരുപാട് ഉപദ്രവിച്ചു, ജീവിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് നാലുപാടു നിന്നും കുറേ ഉപദേശങ്ങൾ വന്നു. എന്റെ ശരീരവും എന്റെ വ്യക്തിത്വവും തമ്മിൽ ഒരു ചേർച്ച വരുത്തണമെന്ന് അതോടെ ഞാൻ തീരുമാനിച്ചു.
പാത്രം കഴുകി പൈസയുണ്ടാക്കി വീട്ടുകാർ ശരീരത്തെ എത്രയൊക്കെ നോവിച്ചിട്ടും എന്റെ മനസ് മാത്രം മാറിയില്ല. ജൊഹന്നാസ് ബർഗിൽ തിരിച്ചെത്തിയ ഞാൻ ആൺകുട്ടിയായി തന്നെ ജീവിച്ചു. എന്റെ ശരീരം വേദനിപ്പിച്ചപ്പോഴെല്ലാം ഞാൻ കരഞ്ഞിരുന്നത് ഉപ്പയേയും ഉമ്മയേയും ഓർത്തായിരുന്നു. സമൂഹത്തിൽ അവർക്കുണ്ടാകുന്ന നാണക്കേടാണ് എന്നെ വേദനിപ്പിച്ചത്. അവരെ സമൂഹം എത്രത്തോളം കുത്തിനോവിക്കുമെന്ന് എനിക്ക് ഊഹിക്കാമായിരുന്നു. ഞാൻ കാരണം അവർക്ക് ഒടുവിൽ നാടും വീടും പോലും ഉപേക്ഷിക്കേണ്ടി വന്നു. അന്ന് ഞാനുറപ്പിച്ചതാണ്, എന്നെ കുറ്റപ്പെടുത്തിയവർ തന്നെ അംഗീകരിക്കുന്ന ഒരു ദിവസം വരുമെന്ന്. പക്ഷേ ഇത്രയും നേട്ടമുണ്ടാക്കിയിട്ടും ഉപ്പയും ഉമ്മയും ഇതുവരെ എന്നെ കാണാൻ കൂട്ടാക്കിയിട്ടില്ല.
വീട്ടിൽ എതിർപ്പുകൾ തുടർന്നപ്പോഴും എന്റെ സ്വപ്നം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. ഇതിനിടയിൽ പൈസയും വലിയൊരു വെല്ലുവിളിയായി. ലോൺ കൊണ്ട് മാത്രം പഠനം തീർക്കാൻ പറ്റാതെ വന്നു. വീട്ടിലെ അവസ്ഥ മോശമായതോടെ അവിടെ നിന്നും പൈസ വരാതെയായി. അങ്ങനെ ദക്ഷിണാഫ്രിക്കയിൽ പാർട്ട് ടൈം ജോലി ചെയ്യേണ്ടി വന്നു. റെസ്റ്റോറന്റിൽ പാത്രം കഴുകിയും തൂത്തു വാരിയുമൊക്കെയാണ് പൈസ ഉണ്ടാക്കിയത്. എട്ടു മണിക്കൂറോളം ജോലി ചെയ്തശേഷം രാത്രി ഉറക്കമൊഴിച്ചിരുന്ന് പഠിച്ചിട്ടുണ്ട്. ഒടുവിൽ ഹോസ്റ്റൽ ഫീസ് അടക്കാനില്ലാത്ത അവസ്ഥയായപ്പോൾ താമസം അവിടെ നിന്നും മാറേണ്ടി വന്നു. ഇടിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടത്തിലായിരുന്നു അന്ന് താമസം. ഒരു ശുചിമുറി പോലും ഇല്ലാതെ മാസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. എങ്കിലും നാടിനേക്കാൾ എനിക്ക് കൂടുതൽ കരുതലും സ്നേഹവും തന്നത് ദക്ഷിണാഫ്രിക്കയായിരുന്നു. അവിടെയെല്ലാരും ആൺകുട്ടിയായി കാണാൻ തുടങ്ങിയപ്പോഴാണ് എനിക്ക് എന്നെക്കുറിച്ചോർത്ത് ആദ്യമായി അഭിമാനം തോന്നിയത്.
ആകാശം മുട്ടുന്ന നേട്ടം പതിനൊട്ടാമത്തെ വയസിലാണ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. വിമാനങ്ങളോടുള്ള ഇഷ്ടം ചെറുപ്പത്തിൽ ഉണ്ടാകാൻ കാരണം ഉപ്പയായിരുന്നു. ഉപ്പയെ യാത്രയാക്കാൻ എയർപോർട്ടിലേക്ക് ഞാനും കൂടെ പോകുമായിരുന്നു. വിമാനം കാണുക എന്നതാണ് ലക്ഷ്യം. ഒരിക്കൽ എന്റെയിഷ്ടം തിരിച്ചറിഞ്ഞ ഉപ്പ എനിക്കൊരു ചെറിയ വിമാനം സമ്മാനിച്ചു. പക്ഷേ ഇന്നിപ്പോൾ ആ സ്വപ്നം കൈയെത്തി പിടിച്ചപ്പോൾ ഉപ്പയും ഉമ്മയും അരികിലില്ല. അധികം വൈകാതെ അവരെന്നെ മകനായി കാണുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഏതായിരുന്നുവെന്ന് ചോദിച്ചാൽ ആദ്യമായി താൻ ടേക്ക് ഓഫ് ചെയ്ത നിമിഷമാണെന്നാണ് ആദത്തിന്റെ മറുപടി. മനസിലെ എല്ലാ ദുഃഖങ്ങളും ഭൂമിയിലിറക്കി വച്ചിട്ട് താൻ സ്വപ്നം കണ്ടതു പോലെ മേഘങ്ങൾക്കിടയിലൂടെയുള്ള യാത്ര. സ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിഞ്ഞത് ആ നിമിഷമാണെന്ന് ആദം പറയുന്നു.
നിനക്കൊക്കെ പൈലറ്റ് ആകാൻ പറ്റുമോയെന്ന് ചോദിച്ചവരുടെ മുന്നിൽ ഇന്ന് തലയുയർത്തി നിൽക്കുകയാണ് ആദം. പരിഹസിച്ച നാട്ടുകാരോടും വെറുത്ത വീട്ടുകാരോടും അവന് പരാതിയില്ല. വീട് വിട്ടിറങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടിരിക്കുന്നു. ചേർത്ത് പിടിക്കാൻ ഇപ്പോൾ കൂടെയാളുകൾ ഉള്ളതാണ് ജീവിക്കാനുള്ള ഏറ്റവും വലിയ ധൈര്യം.
ഞങ്ങളാരും തെറ്റ് ചെയ്തവരല്ല മരണത്തിനും ജീവിതത്തിനുമിടയിലായിരുന്നു അതുവരെയുള്ള എന്റെ ജീവിതം. പഠനം പൂർത്തിയാക്കി നാട്ടിൽ വന്നപ്പോൾ കുറേ അലഞ്ഞു നടന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥ. പട്ടിണി കിടന്ന ദിവസങ്ങളുണ്ട്. റെയിൽവേ സ്റ്റേഷനിൽ ഉറങ്ങാതെ കിടന്ന രാത്രികളുണ്ട്. സഹായിക്കാമെന്ന് പറഞ്ഞെത്തി ചൂഷണം ചെയ്തവരുണ്ട്. എന്റെ ശരീരം എന്താണെന്ന് അറിയാൻ ശ്രമിക്കുന്നവരാണ് ഏറെയും. ഈയൊരു ദുരിതകാലത്തിന് ശേഷമാണ് കൊച്ചിയിലെ ഏവിയേഷൻ അക്കാഡമിയിൽ ജോലി ലഭിക്കുന്നത്. എന്നാൽ അവിടെയും എന്റെ ജെൻഡർ ഐഡന്റിറ്റി വലിയ പ്രശ്നമായി. ഒടുവിൽ ആ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു.
പെൺകുട്ടികളോട് എനിക്കെപ്പോഴും ബഹുമാനമാണ്. ആ ശരീരത്തിന്റെ ബുദ്ധിമുട്ടുകളൊക്കെ നന്നായി അറിയാവുന്ന ആളാണ് ഞാൻ. പുരുഷ മേധാവിത്വം അവസാനിക്കേണ്ട കാലം കഴിഞ്ഞു. സ്ത്രീക്കായാലും പുരുഷനായാലും കഴിവാണ് പ്രധാനം. അവിടെ ലിംഗവ്യത്യാസം വേണ്ട. 'ആണും പെണ്ണും കെട്ട് ജീവിക്കേണ്ടി വരിക" എന്ന പ്രയോഗമൊക്കെ മലയാളികൾ മാറ്റി പറയേണ്ട സമയം കഴിഞ്ഞു. തെറ്റായ ശരീരത്തിൽ ജനിച്ചൊരാളായിരുന്നു ഞാൻ. എന്നുകരുതി ഞങ്ങളാരും തെറ്റുകാരല്ല. കണ്ണാടിയിൽ നോക്കാൻ പോലും മടിച്ച ഒരു കാലമുണ്ടായിരുന്നു. കൂടെ പഠിച്ച കുട്ടികളും അദ്ധ്യാപകരുമെല്ലാം പരിഹസിച്ചിട്ടുണ്ട്. സൈക്യാട്രിസ്റ്റുകളെല്ലാം നിർദ്ദേശിച്ചത് തെറ്റായ ചികിത്സകളായിരുന്നു. ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ആർക്കും അന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. രണ്ടാം ജന്മത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടം എന്റെ സ്വാതന്ത്ര്യമാണ്. എന്നെ പോലെ ഇതേ പ്രശ്നമുള്ള ഒരുപാട് പേരുണ്ട്. ഇതൊന്നും ആരുടെയും തെറ്റല്ല. ഇതുപോലുള്ള നിരവധി പേർ നിങ്ങൾക്കിടയിലുമുണ്ടാകാം, വീട്ടിലാകാം, സുഹൃത്താകാം, അപരിചിതനാകാം. അവരെ അകറ്റി നിറുത്തുകയല്ല, ചേർത്ത് പിടിക്കുകയാണ് വേണ്ടത്. പുറത്തവരെ കാത്തിരിക്കുന്നത് ഒട്ടും നല്ല അനുഭവങ്ങളല്ലെന്നും ആദം ഓർമ്മിപ്പിക്കുന്നു.
ഇന്നിപ്പോൾ താനൊരു ആൺകുട്ടിയാണെന്ന് ധൈര്യത്തോടെ ആദത്തിന് പറയാൻ കഴിയും. ഇഷ്ടപ്പെട്ട ജീവിതം അവൻ പൊരുതി നേടിയതാണ്. ആയിഷയിൽ നിന്നും പൂർണമായും ആദമായി മാറാനുള്ള ഹോർമോൺ ചികിത്സ നടന്നു കൊണ്ടിരിക്കുന്നു. ശബ്ദമാറ്റം വന്നിട്ടുണ്ട്, അതുപോലെ പൊടി മീശയും വരുന്നുണ്ട്. എങ്കിലും ഇനിയും അവന് താണ്ടാൻ കടമ്പകൾ ഏറെയുണ്ട്. ''എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. അതിരില്ലാത്ത ആകാശത്തിൽ കൊതി തീരുവോളം പറന്ന് പൊങ്ങണം. അതിനുള്ള ശ്രമങ്ങളാണ് ഇനി."" ആദം പറഞ്ഞു നിറുത്തി.