നെല്ലുവില വിതരണം അവതാളത്തിൽ: പാലക്കാട് മാത്രം നൽകാനുള്ളത് 400 കോടി

Monday 18 May 2026 1:38 AM IST

പാലക്കാട്: സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണ തുക വിതരണം സ്തംഭിച്ചു. പാലക്കാട് പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ആരംഭിച്ച നെല്ല് കൈപ്പറ്റിയ രസീതിന്മേലുള്ള (പി.ആർ.എസ്.) വായ്പാ വിതരണം പാളി. ഇതിനായി സംഘങ്ങൾക്ക് കേരളാബാങ്ക് വാഗ്ദാനംചെയ്ത വായ്പ അനുവദിക്കാത്തതാണ് കാരണം. സംസ്ഥാനത്തെ ഭരണമാറ്റം നയംമാറ്റത്തിന് കാരണമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളാബാങ്ക് ഭരണസമിതി. ഭരണമാറ്റത്തിന് മുന്നോടിയായിത്തന്നെ സഹകരണവകുപ്പിൽ സംസ്ഥാന, ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് പട്ടിക തയ്യാറാക്കിയിരുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം ധന, ഭക്ഷ്യ, സഹകരണ, കൃഷി മന്ത്രിമാരുടെ ഉപസമിതി നിലവിൽ വരുന്നതുവരെ സംഘങ്ങളിലൂടെയുള്ള നെല്ലുവില വിതരണം പുനരാരംഭിക്കാനിടയില്ല.

മറ്റുജില്ലകളിൽ എസ്.ബി.ഐ.യും കനറാ ബാങ്കും ഉൾപ്പെട്ട കൺസോർഷ്യമാണ് നെല്ലുവില വായ്പയായി കൊടുക്കുന്നത്. സപ്ലൈകോയുമായുള്ള കരാറും വായ്പാപരിധിയും കഴിഞ്ഞതോടെ കനറാബാങ്ക് മാർച്ച് 24 വരെ സ്ഥിരീകരിച്ച പി.ആർ.എസുകൾക്കേ വില അനുവദിക്കുന്നുള്ളൂ. പുതിയ പി.ആർ.എസുകൾ സ്വീകരിക്കുന്നില്ല. എസ്.ബി.ഐ.യുമായുള്ള കരാർ ഈമാസം അവസാനിക്കും. ഇവർ വായ്പാ അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും തുക അനുവദിക്കുന്നില്ല. സംസ്ഥാനത്ത് 1.43 ലക്ഷം കർഷകരിൽനിന്ന് 1,228 കോടി രൂപയുടെ നെല്ലാണ് രണ്ടാം വിള കാലത്ത് സപ്ലൈകോ സംഭരിച്ചത്. ഇതിൽ 524 കോടിരൂപ കർഷകർക്ക് വിതരണംചെയ്തു. 704 കോടിരൂപ ഇനിയും നൽകാനുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 400 കോടിരൂപ നൽകാനുണ്ട്. നെല്ലളന്ന കർഷകരിൽ 10 ശതമാനത്തിനുപോലും വില ലഭിച്ചിട്ടില്ല.

വേനൽമഴ ലഭിച്ചതോടെ ഒന്നാംവിള കൃഷിപ്പണികൾക്ക് തുടക്കമായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേനലവധിക്കുശേഷം തുറക്കാറായി. കർഷകകുടുംബങ്ങൾ പണത്തിന് ഏറെ ആവശ്യമുള്ള സാഹചര്യത്തിലാണ്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാസവളത്തിന്റെ വില കുത്തനെകൂടി. ബംഗാൾ, അസം തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻപോയ തൊഴിലാളികൾ തിരിച്ചെത്താത്തത് കൃഷിപ്പണികളെ ബാധിക്കുന്നുണ്ട്. നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രം കിലോഗ്രാമിന് 72 പൈസ വർധിപ്പിച്ച് ഉത്തരവായെങ്കിലും സംസ്ഥാനത്തെ കർഷകർക്ക് അതിന്റെ പ്രയോജനം എപ്പോൾ ലഭിക്കുമെന്നത് സംബന്ധിച്ച ഉത്തരവ് പുതിയസർക്കാർ നിലവിൽവന്നശേഷമേ ഇറങ്ങൂ.