വന്യമൃഗങ്ങൾ കാടിറങ്ങുന്നു: കിഴക്കൻ മലയോരത്ത് ഉറക്കമില്ലാ രാത്രികൾ
കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗ ശല്യത്തിന് പരിഹാരമില്ലാത്തത് നാടിനെ ഭീതിയിലാക്കുന്നു. കഴിഞ്ഞദിവസം മടത്തറയിൽ മണിക്കൂറുകളോളമാണ് കാട്ടാന ഭീതി വിതച്ചത്. ജോലി കഴിഞ്ഞ് ബൈക്കിൽ എസ്.ബി.ഐ ബാങ്കിന് സമീപമുള്ള റോഡിൽ കൂടി പോവുകയായിരുന്ന ബെവ്കോ ഷോപ്പിലെ താത്കാലിക ജോലിക്കാരനായ മടത്തറ സ്വദേശി കാട്ടാനയുടെ മുന്നിൽ അകപ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ആന പിന്നീട് സമീപത്തെ വീടുകൾക്ക് മുന്നിലൂടെ പോകാൻ തുടങ്ങിയതോടെ വാർഡ് മെമ്പർ ഇടപെട്ട് പാലോട് റാപ്പിഡ് റെസ്പോണ്ട് ടീമിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പാലോട് ആർ.ആർ.ടി സംഘം ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ ശംഖിലി ഉൾവനത്തിലേക്ക് തുരത്തുകയായിരുന്നു.
ആനകളെ വനത്തിലേക്ക് ഓടിക്കാൻ പടക്കം പൊട്ടിക്കൽ മാത്രമാണ് ഇപ്പോഴുള്ള ഏകമാർഗം. എന്നാൽ വൈകാത കാട്ടാനക്കൂട്ടം വീണ്ടുമെത്തും. കാട്ടാന കൂടാതെ കാട്ടുപോത്ത്, കാട്ടുപന്നി, കുറുനരി, മലയണ്ണാൻ, മ്ലാവ്, കുരങ്ങൻ എന്നിവയുടെ ശല്യവും രൂക്ഷമാണ്. ജനവാസമേഖലയിൽ കരടിയെയും കണ്ടിട്ടുണ്ട്.
കിടങ്ങ് നിർമ്മാണം പാതിയിൽ
വന്യജീവി സംഘർഷം ഏറെയുള്ള കുളത്തൂപ്പുഴയിൽ ഉൾപ്പടെ വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ മുമ്പ് സ്ഥാപിച്ചിരുന്ന സൗരോർജ്ജവേലികൾ പൂർണമായി നശിച്ചു
കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ സോളാർ പാനലുകൾ നശിച്ച് കമ്പിവേലി മാത്രമായി
ജനവാസ മേഖലയ്ക്ക് ചുറ്റും നിർമ്മിക്കുന്ന കിടങ്ങുകളും പൂർണമല്ല
കഴിഞ്ഞദിവസം കാട്ടാനയിറങ്ങിയ മടത്തറയിൽ, കിടങ്ങിന്റെ നിർമ്മാണത്തിന് കോൺട്രാക്ടെടുത്ത വ്യക്തിക്ക് ആദ്യ ഗഡു അനുവദിക്കുകയും കിടങ്ങെടുക്കുന്നതിനുള്ള മാപ്പിംഗ് നടക്കുകയും ചെയ്തു
എന്നാൽ കോൺട്രാക്ടർ മരിച്ചതിനാൽ ഇതും പാതിവഴിയിലായി
ലക്ഷങ്ങൾ മുടക്കിയിട്ടും സൗരോർജ്ജ വേലി 7 മാസം തികച്ചില്ല
കുളത്തൂപ്പുഴ ഭാരതീപുരത്ത് ഉദ്ഘാടനം കഴിഞ്ഞിട്ടും ആർ.ആർ.ടി ഓഫീസ് പ്രവർത്തനം തുടങ്ങിയില്ല
ബാധിത പ്രദേശങ്ങൾ കുളത്തൂപ്പുഴ
തെന്മല
ചാലിയക്കര
മടത്തറ
അമ്പനാട്
മാമ്പഴത്തറ
അച്ചൻകോവിൽ
തൊടീക്കണ്ടം
കറവൂർ
തച്ചക്കോട്
ഒറ്റക്കൽ
തോണിച്ചാൽ
കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. നഷ്ടപരിഹാരം കിട്ടാൻ നീണ്ട കാത്തിരിപ്പ് തുടരുന്നു.
പ്രദേശവാസികൾ